ആര്യവീട്, കുറ്റാനപ്പിള്ളി ക്ഷേത്രങ്ങളും, അവിടുത്തെ സർപ്പക്കാവും പിന്നെ കുടുംബ ബന്ധങ്ങളെയും ചുറ്റിപ്പറ്റി ഒരുപാടു കഥകൾ ഉണ്ട്. ഈ അനുഭവ കഥകളാണ് നുറുങ്ങുകളായി ഇവിടെ സംഗ്രഹിക്കുന്നത്.

ആര്യവീട്, കുറ്റാനപ്പിള്ളി ധർമ്മദേവതകൾ

കേരളത്തിലെ മിക്ക പുരാതന തറവാടുകളിലും കുടുംബ ധർമ്മദേവതാ സങ്കല്പം ഉണ്ടായിരുന്നു. ആര്യവീട്, കുറ്റാനാപ്പിള്ളി തറവാടുകളിലും, ധർമ്മദേവതയെ ക്ഷേത്രം പണിത്,‌ തറവാടിന് അടുത്ത് കുടി വച്ചിരിക്കുന്നു. കുടുംബത്തിന്റെ സംരക്ഷണത്തിനും ഐശ്വര്യത്തിനും കാരണഹേതുവാണ് ഈ പരദേവതകൾ എന്നാണ് വിശ്വാസം. കുടുംബ പരമ്പര നിലനിൽക്കുന്ന കാലത്തോളം ഈ ധർമ്മദേവതകളെ സേവിക്കുകയും, ഭജിക്കുകയും, ധർമ്മക്ഷേത്രം പരിപാലിക്കുകയും ചെയ്യേണ്ടത്ഓരോ കുടുംബാംഗങ്ങളുടെയും  കടമയാണ്. ആര്യവീട്, കുറ്റാനപ്പിള്ളി കുടുംബക്ഷേത്രങ്ങൾ ഇപ്പോഴും ഈ രീതികൾ തുടരുന്നു.

ഈ തറവാടുകളുടെ ഐശ്വര്യത്തിന്റെയും, ഐക്യത്തിന്റെയും മൂല കാരണം ഈ ധർമ്മദേവതകളാണ് എന്ന്  കുടുംബാംഗങ്ങൾ വിശ്വസിച്ചു പോരുന്നു. ഭഗവതിയുടെ സാന്നിധ്യം തെളിയിക്കാൻ ഉതകുന്ന ഒരുപാടു മുഹൂർത്തങ്ങൾ പഴമക്കാർ ഓർത്തെടുക്കാറുണ്ട്., 

ആര്യവീട് കുറ്റാനപ്പിള്ളി ഭഗവതി സാന്നിധ്യം

അമ്മേ മഹാമായേ ശരണം

ആര്യവീട് ഭഗവതി വിളിച്ചാൽ വിളിപ്പുറത്താണ് എന്നാണ് ഭക്തന്മാരുടെ വിശ്വാസം. 

വളരെക്കാലം മുമ്പ്, കാരണവരിലൊരാളായ ചന്ദ്രശേഖരൻ ഇളയിടത്തിന്  ഉണ്ടായ ഒരു അനുഭവമാണ് താഴെ കുറിക്കുന്നത്. തറവാട് മുറ്റത്ത് നിന്നാൽ ആര്യവീട് ക്ഷേത്രം കാണാമായിരുന്നു. അന്ന് ചുറ്റമ്പലമോ മതിലുകളോ ഉണ്ടായിരുന്നില്ല, കുടുംബക്ഷേത്രവും തറവാടും തമ്മിൽ വേർതിരിച്ചിരുന്നത് ഒരു തോടായിരുന്നു. ഒരു ദിവസം അർദ്ധരാത്രിയിൽ ഉറക്കമുണർന്നു പുറത്തേക്കിറങ്ങിയ അദ്ദേഹം, വടക്കു വശത്തു സ്ഥിതി ചെയ്യുന്ന കുടുംബക്ഷേത്രത്തിനു ചുറ്റും തേജസ്വിനിയായ ഒരു സ്ത്രീ പ്രദക്ഷിണം വയ്ക്കുന്നതു കണ്ടു. ആ ദിവ്യ സ്ത്രീ അമ്പലം വലം വച്ചു വന്ന്, അമ്പല നടയ്ക്കു മുമ്പിൽ എത്തി, അടച്ചിട്ട അമ്പലത്തിന്റെ അകത്തേക്കു അപ്രത്യക്ഷയായി.  

ഈ ദിവ്യതേജസ്സിനെ പലരും കണ്ടതായും, ആ ദിവ്യസാന്നിധ്യം പലർക്കും അനുഭവപ്പെട്ടതായും, കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അത് മറ്റാരുമല്ല, ഭഗവതി തന്നെ ആണെന്നാണ് എല്ലാവരും വിശ്വസിച്ചു പോരുന്നത്.

Chandrasekharan Elayidom

പൂർവികർ പറഞ്ഞിട്ടുള്ള മറ്റൊരു അനുഭവം, തൃക്കാർത്തിക നാളുമായി ബന്ധപ്പെട്ടതാണ്. 

ആര്യവീട്  ഭഗവതി ക്ഷേത്രത്തിൽ നിന്ന് തൃക്കാർത്തിക രാത്രിയിൽ, കിഴക്ക് ദിശയിലേക്ക് ഒരു ദിവ്യജ്യോതി നീങ്ങുന്നത് പല പൂർവ്വികരും കണ്ടതായി പറഞ്ഞു കേട്ടിട്ടുണ്ട്. ആ ദിവ്യജ്യോതി കുറ്റാനപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ എത്തുകയും, അവിടെ  മറ്റൊരു ദിവ്യജ്യോതി പ്രത്യക്ഷപ്പെടുകയും ചെയ്തുവെത്ര. ഈ രണ്ടു ദിവ്യജ്യോതികളും പിന്നീട്, ഏരൂരുള്ള അയ്യമ്പിള്ളി കാവിലേക്ക് നീങ്ങുകയും, അവിടെ മൂന്നാമതൊരു ദിവ്യജ്യോതിയുമായി കുറച്ചു നേരം സംഗമിച്ചതിനു ശേഷം, അതാത് ക്ഷേത്രങ്ങളിലേക്ക് തിരിച്ചുപോകുകയും ചെയ്തു. 

പഴമൊഴി: ഈ പ്രകാശങ്ങൾ മൂന്ന് ക്ഷേത്രങ്ങളിലെ ഭഗവതിമാരാണെന്നും, അവർ മൂവരും സഹോദരിമാർ ആണെന്നും ആണ് വിശ്വാസം. സഹോദരിമാരായ ഭഗവതിമാരുടെ ഈ പ്രതിഭാസത്തെ പൂർവികർ “തേരോട്ടം അല്ലെങ്കിൽ തേർവാഴ്ച” ആയി കണക്കാക്കുന്നു. ഇതിനോട് അനുബന്ധിച്ച് ആണ് കുടുംബാംഗങ്ങൾ കാർത്തിക നാളിൽ ആര്യവീട്  ഭഗവതി ക്ഷേത്രത്തിൽ തൃകാലപൂജ ആരംഭിച്ചത് എന്നൊരു വിശ്വാസമുണ്ട്.  

മേൽ പറഞ്ഞ സംഭവങ്ങളോട് ചേർന്ന് നിൽക്കുന്ന ചില അനുഭവങ്ങൾ പരിസരവാസികളും വിവരിച്ചു കേട്ടിട്ടുണ്ട്.  

Tharavadu Aara

പാറുക്കുട്ടി മുത്തശ്ശിയെപ്പറ്റി പറയുമ്പോൾ, ആദ്യം പറയേണ്ടത് തിരുവാതിര രാത്രിയും, തുടിച്ചുകുളിയും, പാതിരാപൂചൂടലും, തിരുവാതിര കളിയുമെല്ലാമാണ്. മുത്തശ്ശി പറഞ്ഞ ഒരു അനുഭവമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

പണ്ട് കാലങ്ങളിൽ തറവാടുകളും വീടുകളും തമ്മിൽ വളരെ അകലമുണ്ടായിരുന്നു. ഇന്നത്തെ പോലെ സൂചി കുത്താൻ സ്ഥലമില്ലാത്തതുപോലെയോ, കൂണുകൾ മുളച്ചു പൊന്തുന്ന പോലെ വീടുകളോ ഫ്ലാറ്റുകളോ ല്ലായിരുന്നു. വലിയ പറമ്പുകളുടെ നടുക്ക് ഒരു തറവാട് അല്ലെങ്കിൽ ഒരു വീട്, പിന്നെ രണ്ടു മൂന്ന് കുളങ്ങളും പാടങ്ങളും തോടുകളും ചിറയും, അതിനിടെ വിജനമായ വീഥികളും ആയിരുന്നു. വലിയ തറവാടുകൾക്ക് അവരുടെതായ ധർമ്മദേവതകളും  ഉപദേവതകളും സർപ്പക്കാടും അമ്പലകുളങ്ങളുമുണ്ട്.

ആര്യവീട് തറവാടും കുറ്റാനാപ്പിള്ളി തറവാടും അങ്ങനെ തന്നെ ആയിരുന്നു. തറവാട്ടിൽ നിന്നു ഇടവഴിയിലൂടെ കുറച്ച് നടന്ന് അമ്പലക്കുളവും അമ്പലവും താണ്ടി വന്നാലേ, പൊതു നടപ്പാതയിലേക്ക് എത്തുകയുള്ളു. ബാക്കിയുള്ള വീടുകൾ എല്ലാം അവിടെ നിന്നേ തുടങ്ങുകയുള്ളു.

പാറുക്കുട്ടി മുത്തശ്ശിക്കും മറ്റു കുടുംബാംഗങ്ങൾക്കും വൈകുന്നേരങ്ങളിൽ കുളത്തിലിറങ്ങി കുളിച്ചു സന്ധ്യാവന്ദനാദികളും കഴിച്ച്  അമ്പലത്തിൽ പോകുന്ന പതിവുണ്ട്. അമ്പലം അടച്ചാൽ പിന്നെ ആ പരിസരത്ത് ആരേയും കാണാറില്ല. ചില കാരണവന്മാർ മാത്രം വിരളമായി രാത്രികാലങ്ങളിൽ അമ്പലക്കുളത്തിൽ കുളിക്കാറുണ്ടായിരുന്നു. വഴി വിളക്കുകൾ തെളിഞ്ഞാലും പൊതുവെ ഇരുട്ടാണ്  പ്രദേശങ്ങളിൽ. ഇപ്പോഴത്തെ പോലെയുള്ള നിറയെ വഴിവിളക്കുകളോ അധികം പ്രകാശം പരത്തുന്ന വിളക്കുകളോ ഇല്ല. ഒരു കാലം വരെ, ചൂട്ട് കത്തിച്ചാണ് ആര്യവീട്ടിലെയും കുറ്റാനപ്പിള്ളിയിലെയും കുടുംബാംഗങ്ങളും  സമീപവാസികളും സഞ്ചരിച്ചിരുന്നത്.

തറവാട്ടിൽ  ധനുമാസത്തിലെ തിരുവാതിര നാൾ  സ്ത്രീകൾക്ക് വളരെ വിശേഷപ്പെട്ടതായിരുന്നു. ഈ വേളകൾ,  ആര്യവീട്ടിലെയും കുറ്റാനപ്പിള്ളിയിലെയും അടുത്തുള്ള വീടുകളിലെ സ്ത്രീജനങ്ങളെല്ലാം ഒത്തുകൂടി, ഒരു ആഘോഷമാക്കാറുണ്ടായിരുന്നു. മൂന്ന് ദിവസങ്ങളിൽ ആയി, സഹോദരങ്ങൾക്കും, മക്കൾക്കും, ഭർത്താവിനും വേണ്ടി ഇവർ നോമ്പ് നോറ്റ്, തിരുവാതിര കൊണ്ടാടാറുണ്ടായിരുന്നു. പണ്ട് ഇതൊക്കെയാണ് അവരുടെ നേരമ്പോക്കുകൾ.

മങ്കു മുത്തശ്ശിയും പാറുക്കുട്ടി മുത്തശ്ശിമാരും(പണ്ട് മിക്കവർക്കും ഒരേ പേരുകൾ കാണാം), കുഞ്ഞുലക്ഷ്മി, നാരായണി, കാവുക്കുട്ടി, ദേവൂട്ടി, ലക്ഷ്മി, ജാനു, കമല, സരസു, കാർത്യയനി, വിലാസിനി എന്നി മുത്തശ്ശിമാരും, ബാക്കിയുള്ള എല്ലാ സ്ത്രീജനങ്ങളും നോമ്പ് നോറ്റ് തിരുവാതിര രാത്രി ഗംഭീരമാക്കാറുണ്ട്. തുടിച്ചുകുളിയും, തിരുവാതിര കളിയും, വെറ്റില മുറുക്കും, പാതിരാപൂചൂടലും, ഏട്ടങ്ങാടിയും ഒക്കെയായി തിരുവാതിര പൊടിപൊടിക്കാറുണ്ട്. തറവാടിനടുത്തുള്ള കുളത്തിലാണ് തിരുവാതിര കുളി. അന്നത്തെ രാത്രിയിലുള്ള കുളത്തിലെ കുളിയും പാട്ടും കളിയും ചിരിയും, പിന്നെ കളിയാക്കലിനെ പറ്റി പറയുമ്പോൾ മുത്തശ്ശിമാർക്ക് നൂറ് നാവാണ്. അങ്ങോട്ടുമിങ്ങോട്ടുമുള്ള അർത്ഥം വച്ചുള്ള കളിയാക്കി ചിരികൾ കാണേണ്ടതു തന്നെയാണ്.

അങ്ങനെ ഒരു രാത്രിയിലെ സംഭവമാണ് പാറുക്കുട്ടി മുത്തശ്ശി പറഞ്ഞത്. തിരുവാതിര രാത്രി ആണുങ്ങൾക്ക് തറവാട്ടിൽ പ്രവേശനമില്ല,  അടുത്തുള്ള ഏതെങ്കിലും ഒരു വീട്ടിൽ, അവർ എല്ലാവരും ഒരുമിച്ചു കൂടി, സൊറ പറഞ്ഞും ചീട്ടുകളിച്ചും ഇരിക്കും. പിന്നെ മുത്തശ്ശിമാർ ചില വിരുന്മാരെ പറ്റി പറഞ്ഞിട്ടുണ്ട്, വേഷം മാറി പെണ്ണുങ്ങളുടെ ആഘോഷത്തിൽ ഇടിച്ചു കയറി അവരെ പറ്റിക്കാൻ നോക്കി പിടിക്കപ്പെട്ടവർ. അവക്ക് പറ്റിയ അബദ്ധങ്ങളും അനുഭവങ്ങളും പിന്നിട് വിവരിക്കുന്നുണ്ട്.

കളിയുടെ ഭാഗമായി മുത്തശ്ശിമാർ തമ്മിൽ ഒരു പന്തയമായി. ഇവരിൽ രണ്ടു മുത്തശ്ശിമാർ പാതിരാത്രി തറവാട്ടിൽ നിന്ന് അമ്പലം വരെ പോയി, കുളത്തിൽ ഇറങ്ങി കുളിച്ച് അമ്പലത്തിന് വലം വച്ച് തിരികെ വരണം, എന്നായിരുന്നു പന്തയം. നറുക്ക് വീണത് പാറുക്കുട്ടി മുത്തശ്ശിക്കും നാരായണി മുത്തശ്ശിക്കുമാണ്. അവർ ധൈര്യം സംഭരിച്ച് ചൂട്ടും കത്തിച്ച് ഇരുട്ടിൽ, ഇടവഴിയിലൂടെ ഭഗവതിയെ മനസ്സിൽ ധ്യാനിച്ചും നാമങ്ങൾ ഉരുവിട്ടും അമ്പലത്തിന്റെ പരിസരത്തേക്കു നടന്നു.

ഇടവഴി കഴിഞ്ഞ അമ്പലത്തിന് അടുത്ത് എത്തിയപ്പോൾ മുത്തശ്ശിമാർ കണ്ട കാഴ്ചയെ പറ്റി പറയുമ്പോൾ പാറുക്കുട്ടി മുത്തശ്ശിയുടെ വാക്കുകൾ ആവേശഭരിതവും മുഖം പ്രകാശപൂരിതവും ആകും.

അവർ അമ്പലപരിസരത്ത് താലപ്പൊലിയേന്തിയ കുട്ടികളേയും അവരുടെ കൂടെ തേജോയിയായ ഒരു ദിവ്യസ്ത്രീയെയും കാണുമാറായി. കാവലായി ഒരു ദിവ്യപുരുഷനും കൂടെയുണ്ടായിരുന്നു. ദിവ്യസ്ത്രീ അമ്പലകുളത്തിൽ തുടിച്ചുകുളിച്ചത്തിനു ശേഷം, പരിവാസമേതം അമ്പലത്തിലേക്ക് നടന്നു. അമ്പലനടക്ക് മുമ്പിൽ വച്ച് എല്ലാവരും പെട്ടെന്നു അപ്രത്യക്ഷമായി.

രണ്ടു മുത്തശ്ശിമാരും പേടിച്ച് ചൂട്ട് അവിടെ തന്നെ ഇട്ട് തിരിച്ചു തറവാട്ടിലേക്ക് ഒരു ഓട്ടമായിരുന്നു. വീട്ടിൽ എത്തി അവിടെയുള്ള മുതിർന്നവരോട് ഈ സംഭവം വിവരിച്ചപ്പോൾ, ഇങ്ങനത്തെ അനുഭവം ആദ്യമായിട്ടല്ലാ എന്ന് അറിയാൻ കഴിഞ്ഞു. ഇതിനു മുന്പും പലരും ഇതുപോലെ അവിടെ ദിവ്യതേജസ്സും, ദിവ്യ സ്ത്രീയേയും പുരു‌ഷനെയും കണ്ടതായിട്ട് സാക്ഷിപ്പെടുത്തിയിട്ടുണ്ട്.

പിറ്റേ ദിവസം കാരണവന്മാർ ഇത് അറിഞ്ഞപ്പോൾ, മുത്തശ്ശിമാരെയും മറ്റു മുതിർന്നവരെയും, അർദ്ധരാത്രിക്ക് അമ്പലപ്പരിസരത്തു പോയതിന് വഴക്ക് പറഞ്ഞു. തറവാട്ടിലെ കാരണവന്മാർ ഉപാസനയും, ഉപാസനമൂർത്തികളുള്ളവരും, കവടി വയ്ക്കുന്നവരുമായിരുന്നു.അവരുടെ കവടിയിൽ തെളിഞ്ഞത്, അന്ന്  അമ്പലകുളത്തിൽ തിരുവാതിരനാൾ തുടിച്ചുകുളിച്ചിരുന്ന ആ ദിവ്യതേജസ്,   കുറ്റാപ്പിള്ളിയിലെ സാക്ഷാൽ ദേവിയായിരുന്നു എന്നാണ്. ആ പെൺകുട്ടികൾ ദേവിയുടെ പരിവാരങ്ങളും ആയിരുന്നുവത്രേ. കാവൽ നിന്നിരുന്ന ആ  വെളുത്ത താടിയുള്ള ദിവ്യപുരു‌ഷൻ, മറ്റാരുമല്ല, ഇടക്കും മുറയ്ക്കും കുടുംബക്കാരും നാട്ടുകാരും കണ്ടതായി സാക്ഷിപ്പെടുത്തിയിട്ടുള്ള കാരണവരാണെന്നാണ് വിശ്വാസം.

Parukutty Kunjamma (3)

പാറുക്കുട്ടി കുഞ്ഞമ്മ

കുറ്റാനപ്പിള്ളി, എറണാകുളം

തിരുവാതിരയ്ക്ക് പെൺമക്കൾ അമ്മമാരുടെ കൂടെ പോകും, ആൺകുട്ടികൾ  വീട്ടിൽ ഇരിക്കും. ചിലർ അമ്മമാരെ പറ്റിക്കാൻ പെൺവേഷം കെട്ടി  തിരുവാതിരയ്ക്ക് പോകാറുണ്ട്. ലക്ഷ്മി മുത്തശ്ശിയുടെ മകൻ, ഗോപാല പണിക്കർ, ഇങ്ങനെ കുസൃതികൾ ഒപ്പിക്കുന്നതിൽ കേങ്കേമനായിരുന്നു. സ്നേഹത്തോടെ ഗോപിയെന്നു, ഗോപിച്ചേട്ടന്നെന്നു വിളിക്കുന്ന ഈ സഹോദരന്റെ കുസൃതിക്കഥകൾ പറയാൻ ബാക്കിയുള്ള സഹോദരങ്ങൾക്ക് നൂറു നാവാണ്. കാരണം, എല്ലാ കുസൃതികൾക്കും ചുക്കാൻ പിടിക്കുന്നത് ഇദ്ദേഹമായിരുന്നു. ബാക്കിയുള്ള ആരും മോശമല്ലാ, കട്ടക്ക് നിൽക്കും, ഇല്ലെങ്കിൽ കൂടെ കൂടികൊള്ളും. 

ഒരു തിരുവാതിര രാത്രി മുത്തശ്ശിമാരെ പറ്റിക്കാൻ ആൺകുട്ടികൾ തീരുമാനിച്ചു. അവിടെ കയറണമെങ്കിൽ പെൺവേഷം കെട്ടണം. ആരു കെട്ടുമെന്നായി. അങ്ങനെ പ്രായത്തിൽ ചെറുപ്പമാണെങ്കിലും കുസൃതിക്ക് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഇദ്ദേഹം തന്നെ എല്ലാവരും കണക്കുകൂട്ടിയതു പോലെ, ഈ സഹസികതയും ഏറ്റെടുത്തു.

തറവാടിന് അടുത്ത് ഒരു പാത്തുമ്മയുണ്ടായിരുന്നു. അവർ ഇടക്ക് മുത്തശ്ശിമാരെ കാണാൻ തറവാട്ടിൽ വരും. പാത്തുമ്മ തലയിൽ മുണ്ട് മടക്കി തട്ടമൊക്കെ ഇട്ടാണ് നടന്നിരുന്നത്. ഗോപി വലിയച്ഛൻ പാത്തുമ്മയുടെ പോലെ വേഷമിട്ട്, തലയിൽ തട്ടമിട്ട്, തറവാടിന്റെ മുറ്റത്ത്‌ അധികം വെളിച്ചം വീഴാത്ത ഭാഗത്തു നിന്നു എല്ലാവരോടും ഒച്ചമാറ്റി തിരുവാതിര വിശേഷങ്ങളും കുശലവും ചോദിച്ചു. ആദ്യം മുത്തശ്ശിമാർക്ക് സംശയമൊന്നും തോന്നിയില്ലെങ്കിലും, പിന്നെ അവരിലെ സമർത്ഥർ, ഗോപി വലിയച്ഛനെ കൈയോടെ പിടിച്ചു.

ഇതു കഴിഞ്ഞു വലിയച്ഛൻ അവിടെ നടന്ന സംഭവവികസങ്ങൾ, ബാക്കിയുള്ളവരോട് പറയാൻ തറവാട്ടിൽ നിന്നു തിരികെ പോന്നു. ഇടവഴിയിലൂടെ അമ്പലക്കുളവും അമ്പലവും താണ്ടി വേണം മറ്റേ വീട്ടിൽ എത്താൻ. അമ്മമാരെ പറ്റിച്ച സന്തോഷത്തിൽ വരുമ്പോൾ, അമ്പലക്കുളക്കടവിൽ ഒരു വെളിച്ചവും പാട്ടും തുടിച്ചുകുളിയുടെ ശബ്ദവും. സ്വതസിദ്ധമായ ആകാംഷയോടെ അങ്ങോട്ടു നോക്കിയപ്പോൾ, ഒരു സ്ത്രീരൂപം കണ്ടു. പെട്ടെന്നുള്ള ശബ്‍ദമോ എന്തോ കേട്ട്, ആ സ്ത്രീരൂപം അപ്രത്യക്ഷയായി. വലിയച്ഛൻ ഭയപ്പെട്ട് ഓടി, വീട്ടിൽ എത്തിയിട്ടേ നിന്നുള്ളു

ഈ അമ്പല പരിസരങ്ങളിൽ ദേവി സാന്നിധ്യം ഉള്ളതായി കരുതപ്പെടുന്നു. അവർക്ക് കാവലായി, കാപ്പിരിയും, സർപ്പവും, കാരണവരും. തറവാടിന്റെ നന്മയ്ക്കും, പുരോഗതിയ്ക്കും, ഐശ്വര്യത്തിനും കാരണഹേതുക്കൾ, ഈ ചൈതന്യങ്ങളാണ്  എന്നു പഴമക്കാർ വിശ്വസിക്കുന്നു. 

അതുകൊണ്ട് ഈ ദേവത ചൈതന്യങ്ങളെ പൂർവികർ പരിപാലിച്ചു പൂജിച്ചു പോന്നതുപോലെ തന്നെ, ഇപ്പോഴത്തെ കുടുംബാംഗങ്ങളും വന്ദിച്ചും  പരിപാലിച്ചും പോരണം. 

GopalaPanicker

അഡ്വ: ഗോപാല പണിക്കർ

കുറ്റാനപ്പിള്ളി, എറണാകുളം

അമ്മേ ശരണം ദേവീ ശരണം, അമ്മയല്ലാതെ മറ്റാരുമില്ലാശ്രയം