ആര്യവീട് കുടുംബ ചരിത്രം

തറവാട് ആസ്ഥാനം

ഏകദേശം 300  വര്‍ഷത്തെ  (വര്‍ഷം 2020 പ്രകാരം)  പാരമ്പര്യമുള്ള,  ഇളയിടം എന്ന   സ്ഥാനപ്പേരോട് കൂടിയ നായർപ്രഭുകുടുംബമായ, ആര്യവീട് എന്നറിയപ്പെടുന്ന ആയിരവീട് തറവാട് എറണാകുളം ജില്ലയിലെ കണയന്നൂര്‍  താലൂക്ക്, ഇടപ്പള്ളി സൗത്ത് വില്ലേജിൽ, പാലാരിവട്ടം കരയിൽ, പുതിയ റോഡിൽ ആണ് സ്ഥിതി ചെയ്യുന്നത്. ആയിരത്തിലധികം കുടുംബങ്ങൾ താമസിച്ചിരുന്ന ഭൂപ്രദേശത്തിന്റെ ദേശവാഴ്ച ഉണ്ടായിരുന്നതിനാലാണ്, ഈ കുടുംബത്തിനു ആയിരവീട് എന്ന് നാമകരണം ചെയ്യപ്പെട്ടിരുന്നത് എന്ന് കരുതപ്പെടുന്നു. ഇന്ന് ഈ കുടുംബം  പുതിയ റോഡ്, വെണ്ണല, കാക്കനാട് എന്നീ പ്രദേശങ്ങളിൽ ആയി വ്യാപിച്ചു കിടക്കുന്നു.  ഇതിൽ പലരും ഇന്ന് ജോലി സംബന്ധമായും അല്ലാതെയും അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും താമസിച്ചു വരുന്നു

ഉത്ഭവം

വടക്കേ മലബാറിൽ ആഴ്‌വാഞ്ചേരി തംബ്രാക്കളുടെ കുടുംബത്തിൽ പെട്ട ഒരു ശാഖ മധ്യ കേരളത്തിലുള്ള വടക്കൻ പറവൂരിൽ കോട്ടുവള്ളിക്കടുത്തുള്ള തിരുമുപ്പം ക്ഷേത്രത്തിനടുത്തു വന്നു ചേരുകയുണ്ടായി. അക്കാലത്തെ ഏതൊരു കുടുംബവും പോലെ, ഈ കുടുംബക്കാർക്കും കൃഷി തന്നെ ആയിരുന്നു ജീവിത മാർഗ്ഗം. ഒരിക്കൽ കൃഷി മേൽനോട്ടത്തിനിടെ  പണിക്കാർക്ക് ഉണർവ് നൽകാനായി ഒരു കാരണവർ കലപ്പ പിടിക്കാൻ കൂടി.  ഈ സംഭവം  ഹേതുവായി അന്നത്തെ നാടുവാഴി, ഈ കുടുംബക്കാർക്കു ഇളയിടം എന്ന സ്ഥാനപ്പേര് നൽകി എന്നാണ് കേട്ടുകേൾവി. അതിനാൽ ഈ കുടുംബത്തിലെ പുരുഷന്മാരെ ഇളയിടം എന്നും സ്ത്രീ ജനങ്ങളെ അപ്പച്ചിയമ്മ എന്നും വിളിച്ചു പോരുന്നു. ഇപ്പോൾ പൊതുവെ സ്ത്രീ ജനങ്ങളെ കുഞ്ഞമ്മ എന്ന് ചേർത്താണ് വിളിക്കുന്നത്.

ഏകദേശം മുന്നൂറോളം വർഷങ്ങൾക്കു മുമ്പ് ആ കുടുംബത്തിലെ ഒരു ശാഖ, ഇടപ്പള്ളി തെക്കുംഭാഗം പാലാരിവട്ടം കരയിൽ കുത്താപ്പാടി ശാസ്താ ക്ഷേത്രത്തിനു സമീപം വന്നു താമസമാക്കി. കാർഷിക വൃത്തിക്കും ജന്മിത്വത്തിനും പുറമെ കുടുംബകാരണവർ കളരി നടത്തുകയും ധര്‍മ്മദൈവമായി കളരി ഭദ്രകാളിയെ ആരാധിച്ചു പോരുകയും ചെയ്തിരുന്നു. ഇവിടെ വന്നു താമസമാക്കിയതിനു ശേഷം ആണ് ആയിരവീട് എന്ന കുടുംബ പേര് സ്വീകരിച്ചത് എന്ന് കരുതുന്നു.

കാലക്രമേണ ഈ കുടുംബം, ഇപ്പോൾ തറവാട്ടു ഭവനം സ്ഥിതി ചെയ്യുന്ന പുതിയ റോഡിനു സമീപം വന്നു താമസമാക്കി. അവിടെ, അന്യം നിന്ന് പോയ ഒരു ബ്രാഹ്മണ കുടുംബം ആരാധിച്ചിരുന്ന മുല്ലക്കൽ ഭഗവതിയും പരിവാര ദേവതകളും അന്നത്തെ കാരണവരുടെ അധീനതയിൽ വന്നു ചേർന്നു. കാരണവർ ആ ഭഗവതിയെയും, തേവാര മൂർത്തികളായ ഗണപതി, പഞ്ചമൂർത്തികൾ, ഹനുമാൻ എന്നിവരേയും യഥോചിതം പരിപാലിച്ചു ധർമ്മദൈവമായി ആരാധിച്ചു പോരുകയും ചെയ്തുവന്നു.

പിൽക്കാലത്ത് പൂർവ്വസങ്കേതത്തിൽ ആരാധിച്ചിരുന്ന കളരിഭദ്രകാളിയെ ശ്രീചക്രത്തിൽ ആവാഹിച്ച് ഭഗവതി വിഗ്രഹത്തിന്റെ പീഠത്തിനടിയിൽ സ്ഥാപിക്കുകയും ചെയ്തു. അക്കാലം തൊട്ടു രാവിലെ ഭുവനേശ്വരിയായും, വൈകുന്നേരം സാത്വീക ഭാവത്തിലുള്ള ഭദ്രകാളിയായും ധർമ്മദൈവ ക്ഷേത്രത്തില്‍ ആരാധിച്ചു പോരുന്നു. അതിനുശേഷം കുടുംബം അഭിവൃദ്ധിപ്പെടുകയും ആയിരവീട് എന്ന ഗൃഹം നാടുവാഴിത്തവും പ്രഭുത്വവും ഒത്തു ചേർന്ന ഒരു തറവാടായി മാറുകയും ചെയ്തു. ഈ കുടുംബം ആണ് പിന്നീട് ‘ആര്യവീട് ‘ എന്ന പേരിൽ  അറിയപ്പെട്ടു പോരുന്നത്.

മൂല കുടുംബം സ്ഥിതിചെയ്തിരുന്ന കോട്ടുവള്ളിയിലും അടുത്തുള്ള കരുമാലൂർ, വടക്കൻ പറവൂർ എന്നീ സ്ഥലങ്ങളിലും ഇപ്പോഴും ഇളയിടം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കൂടാതെ പെരുമ്പാവൂർ, പള്ളുരുത്തി, അരൂർ, തുറവൂർ, ശാസ്തമംഗലം, പെരുമ്പളം എന്നീ സ്ഥലങ്ങളിലും ഇളയിടം കുടുംബങ്ങൾ ഉള്ളതായി അറിയപ്പെടുന്നു. 

അറിയപ്പെടുന്ന ചരിത്രം

ലഭ്യമായ ആധാരങ്ങളുടെയും മറ്റും അടിസ്ഥാനത്തിൽ 1917 -ൽ പരലോകം പൂകിയ തറവാട്ട് കാരണവർ കുഞ്ഞുണ്ണി ഇളയിടം, സഹോദരി പാറുക്കുട്ടി അപ്പച്ചിയമ്മ എന്നിവരിൽ നിന്നുമാണ് ഇന്നുള്ള ആര്യവീട് കുടുംബാംഗങ്ങൾ ഉത്ഭവിച്ചിട്ടുള്ളത്. ഇവരെ കൂടാതെ ഒരു അയ്യപ്പൻ ഇളയിടം ഉണ്ടായിരുന്നതായും അദ്ദേഹം ചെറുപ്പത്തിൽ തീർത്ഥയാത്രക്ക് പോയി തിരിച്ചുവന്നില്ല എന്നും ഒരു കേട്ടുകേൾവി ഉണ്ട്. വിവാഹം കഴിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന് സന്തതി പരമ്പരകൾ ഉണ്ടായിരുന്നില്ല.

ആര്യവീട് തറവാടിന് കിഴക്കുമാറി വെണ്ണല ഭാഗത്തു വസിച്ചിരുന്ന പുരാതന നായർ പ്രഭുകുടുംബമാണ് ‘പണിക്കർ’ എന്ന സ്ഥാനപ്പേരുള്ള കുറ്റാനപ്പിള്ളി കുടുംബം. കുറ്റാനപ്പിള്ളി നങ്കു കുഞ്ഞമ്മയ്ക്ക് വേലായുധ പണിക്കർ, ലക്ഷ്മി കുഞ്ഞമ്മ, കൃഷ്ണപ്പണിക്കർ എന്നിവർ സന്താനങ്ങൾ ആയി ഉണ്ടായിരുന്നു. ഇതിൽ വേലായുധ പണിക്കർ ആര്യവീട്ടിൽ പാറുക്കുട്ടി അപ്പച്ചിയമ്മയെയും, ആര്യവീട്ടിൽ കുഞ്ഞുണ്ണി ഇളയിടം വേലായുധ പണിക്കരുടെ സഹോദരി ലക്ഷ്മി കുഞ്ഞമ്മയെയും വിവാഹം ചെയ്തു. ഈ പരസ്പര വിവാഹ ബന്ധത്തോടെ ആര്യവീടും കുറ്റാനപ്പിള്ളിയും ബന്ധുഗൃഹം എന്നതിലുപരി ഒരു കുടുംബം എന്ന പോലെ  പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിച്ചു വന്നു. ആര്യവീട്ടിൽ ഇന്നുള്ള എല്ലാവരും കുറ്റാനപ്പിള്ളി വേലായുധ പണിക്കരുടെ സന്തതി പരമ്പരയിൽ പെട്ടവരാണ്. അതുപോലെ  കുറ്റാനപ്പിള്ളി കുടുംബത്തിൽ ഇന്നുള്ള അംഗങ്ങളിൽ ഭൂരിപക്ഷവും ആര്യവീട് കുഞ്ഞുണ്ണി ഇളയിടത്തിന്റെ സന്തതി പരമ്പരയിൽ ഉള്ളവരാണ്.

മേൽപ്പറഞ്ഞ പരസ്പര വിവാഹത്തിൽ, വേലായുധ പണിക്കർ-പാറുക്കുട്ടി അപ്പച്ചിയമ്മ ദമ്പതിമാർക്ക് ക്രമത്തിൽ കുട്ടി അപ്പച്ചിയമ്മ, കുഞ്ഞുലക്ഷ്മി അപ്പച്ചിയമ്മ, കാവുകുട്ടി അപ്പച്ചിയമ്മ, നാരായണി അപ്പച്ചിയമ്മ, കൃഷ്ണൻ ഇളയിടം എന്നിവർ മക്കളായും; കുഞ്ഞുണ്ണി ഇളയിടം-ലക്ഷ്മി കുഞ്ഞമ്മ ദമ്പതിമാർക്ക് പരമേശ്വര പണിക്കർ, പാറുക്കുട്ടി കുഞ്ഞമ്മ, കുട്ടപ്പ പണിക്കർ, നാരായണ പണിക്കർ, മങ്കു കുഞ്ഞമ്മ എന്നിവർ മക്കളായും ജനിച്ചു. 

ഈ പത്തു മക്കളുടെ വംശ പരമ്പര പരിശോധിച്ചാൽ ആര്യവീട് കുടുംബത്തിന്റെ വംശാവലിയെ കുറിച്ച് ഏകദേശ രൂപം ലഭ്യമാകുന്നതാണ്. ഇനി ഇവരുടെ ഓരോരുത്തരുടെയും വംശാവലി വിശദമായി താഴെ ചേർക്കുന്നു.

കുഞ്ഞുണ്ണി ഇളയിടം (1854 – 1917)

നിലവിൽ ലഭ്യമായ രേഖകൾ പ്രകാരം ആര്യവീട് കുടുംബത്തിന്റെ ആദ്യത്തെ കാരണവരും, അറിയപ്പെടുന്ന ഒരു സാത്വികനും, ആര്യവീട് ഭഗവതി, സുബ്രഹ്മണ്യ സ്വാമി, മറ്റ് ദേവതകൾ, എന്നിവരുടെ ആരാധകനുമായിരുന്നു കുഞ്ഞുണ്ണി ഇളയിടം.

അദ്ദേഹത്തിന്റെ നേതൃത്വത്തിൽ, ശബരിമല, പഴനി, മറ്റ് പുണ്യ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനം സംഘടിപ്പിച്ചിരുന്നു. എല്ലാ പ്രവർത്തനങ്ങളുടെയും പ്രധാന കേന്ദ്രമായിരുന്നു അന്ന് ആര്യവീട്. വിദൂരത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള കുടുംബങ്ങൾ ആര്യവീട്ടിലെ എല്ലാ വിശേഷങ്ങളുടെയും ഭാഗമായിരുന്നു.

ഭക്തി, ഉപാസന, പൂജ കർമ്മങ്ങൾ എന്നിവയുടെ പാതയിലേക്ക് പൂർണ്ണമായും തിരിഞ്ഞപ്പോൾ, അദ്ദേഹം കാരണവർ സ്ഥാനം വേലായുധ പണിക്കർക്ക് കൈമാറി. കുഞ്ഞുണ്ണി ഇളയിടം ആരംഭിച്ച പല ആചാരങ്ങളും ഇന്നും കുടുംബം ഭക്തി പൂർവം ആചരിച്ചു പോരുന്നു.

(കൂടുതലറിയാൻ ചുവടെയുള്ള ചിത്രങ്ങളിൽ ക്ലിക്കു ചെയ്യുക .. ..)

കുഞ്ഞുണ്ണി ഇളയിടം - ലക്ഷ്മി കുഞ്ഞമ്മ വംശാവലി

Parameswara Panicker
Parukutty Kunjamma
Kuttappa Panicker
Narayana_Panicker_thumb
Mangu Kunjamma

വേലായുധ പണിക്കർ - (1854 – 1945)

കുഞ്ഞുണ്ണി ഇളയിടം ആര്യവീടിന്റെ കാരണവരായിരുന്നപ്പോൾ, വേലായുധ പണിക്കർ, കുറ്റാനപ്പിള്ളിയിലെ കാരണവരായിരുന്നു. ആ പ്രദേശത്തെ കരക്കാശാന്മാരായിട്ടാണ് അദ്ദേഹത്തെയും ഈ രണ്ടു കുടുംബങ്ങളെയും അറിയപ്പെട്ടിരുന്നത്. പിന്നീട് അദ്ദേഹം, രണ്ടു തറവാടിന്റെയും കാരണവരായി അധികാരമേറ്റു. 

ഈ പ്രദേശത്തെ പൊതുസമ്മതനും ആദരണീയനും ആയിരുന്ന അദ്ദേഹം, തിരുവിതാംകൂർ രാജാവിനുവേണ്ടി സൈനികരെ പരിശീലിപ്പിച്ച്‌, നിയമനം നടത്തിയിരുന്നു. ഇതിനു വേണ്ടി വെണ്ണലയിൽ കുറ്റാനപ്പിള്ളി തറവാട്ടിൽ ഒരു കളരി(ആയോധനകലയുടെ പരിശീലന കേന്ദ്രം) അദ്ദേഹം നടത്തി പോന്നിരുന്നു.

അനന്തരവൻ പരമേശ്വര പണിക്കർ, എല്ലായ്‌പ്പോഴും എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഇരു കുടുംബങ്ങളുടെയും കാരണവർ സ്ഥാനം ഏറ്റെടുക്കുന്നതിന് മതിയായ പരിശീലനം നേടി, പരമേശ്വര പണിക്കർ പ്രാപ്തനായപ്പോൾ, കുഞ്ഞുണ്ണി ഇളയിടത്തിനെപ്പോലെ, വേലായുധ പണിക്കരും ഉപാസനയിലേക്കും ആരാധനയിലേക്കും തിരിഞ്ഞു.

(കൂടുതലറിയാൻ ചുവടെയുള്ള ചിത്രങ്ങളിൽ ക്ലിക്കു ചെയ്യുക .. ..)

വേലായുധ പണിക്കർ - പാറുക്കുട്ടി അപ്പച്ചിയമ്മ വംശാവലി

Kutty Appachiyamma
Kunjilakshmi Appachiyamma
Kavukutty Appachiyamma
Narayani Appachiamma
krishnan_elayadom

ഉപസംഹാരം

കുഞ്ഞുണ്ണി ഇളയിടത്തിൽ നിന്നുള്ള നാല് തലമുറകളുടെ വിശദാംശങ്ങൾ മുകളിൽ പറഞ്ഞ വിഭാഗങ്ങളിൽ പരാമർശിച്ചിട്ടുണ്ട്. അതിനുശേഷം മൂന്ന് തലമുറകൾ കൂടി ഉണ്ട്. അവരുടെ വിശദാംശങ്ങൾ ഫാമിലി ട്രീയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുകളിൽ സൂചിപ്പിച്ച നാല് തലമുറകളിൽ ആര്യവീടും കുറ്റാനപ്പിള്ളിയും തമ്മിൽ ഒമ്പത് വിവാഹങ്ങൾ നടന്നിട്ടുണ്ട്. കുഞ്ഞുണ്ണി ഇളയിടം – ലക്ഷ്മി കുഞ്ഞമ്മ, വേലായുധ പണിക്കർ – പാറുക്കുട്ടിയുടെ അപ്പച്ചിയമ്മ, കുഞ്ഞിലക്ഷ്മി അപ്പച്ചിയമ്മ – പത്മനാഭ പണിക്കർ, പരമേശ്വര പണിക്കർ – നാരായണി അപ്പച്ചിയമ്മ, കൃഷ്ണൻ ഇളയിടം – ലക്ഷ്മി കുഞ്ഞമ്മ, നാരായണപ്പണിക്കർ – പാറുക്കുട്ടി കുഞ്ഞമ്മ, വേലായുധൻ ഇളയിടം – വിലാസിനി കുഞ്ഞമ്മ, ഗോപാല പണിക്കർ – രാധാമണി കുഞ്ഞമ്മ, മുരളീധരൻ ഇളയിടം – ലളിത കുഞ്ഞമ്മ.

മേൽപ്പറഞ്ഞ വിവാഹങ്ങളിൽ നിന്ന്, ആര്യവീട്, കുറ്റാനപ്പിള്ളി കുടുംബങ്ങളിലെ അംഗങ്ങൾ ഒരേ വംശത്തിൽ പെട്ടവരാണെന്ന് വ്യക്തമാണ്. അതേ കാരണത്താലാണ് കുടുംബത്തിലെ കാരണവർ യഥാക്രമം കുടുംബങ്ങളിലും കുടുംബക്ഷേത്രങ്ങളിലും പിന്തുടരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഏകീകരിച്ചത്.

1960 കളുടെ അവസാനത്തോടെ, കേരള ഹിന്ദു നിയമാനുസൃതം  മരുമക്കത്തായത്തിൽ നിന്നു മക്കത്തായതിലേക്ക് മാറി, കൂട്ടുകുടുംബ സംവിധാനത്തിൽ നിന്ന് അണുകുടുംബത്തിന് വഴി നൽകി. ഈ പരിവർത്തനങ്ങളുടെ സ്വാഭാവിക പുരോഗതിയെന്ന നിലയിൽ, കുടുംബ സ്വത്ത് വിഭജിക്കപ്പെട്ടു, പക്ഷേ ഇത് ഈ വലിയ കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള ശക്തമായ ബന്ധത്തെ ദുർബലപ്പെടുത്തിയില്ല.

നിലവിൽ കുടുംബാംഗങ്ങളിൽ ഭൂരിഭാഗവും രണ്ടു തറവാടുകളുടെ ചുറ്റുവട്ടത്ത് തന്നെയോ, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലോ മറ്റ് സംസ്ഥാനങ്ങളിലോ വിദേശങ്ങളിലോ താമസിക്കുന്നുണ്ടെങ്കിലും മിക്ക സമയത്തും അവരുടെ അവധിക്കാലം, ഉത്സവങ്ങളുമായി സംയോജിപ്പിച്ച് / കുടുംബക്ഷേത്രവുമായി / കുടുംബവുമായി ഒത്തുചേരലിന്റെ അവസരങ്ങളായി  മാറ്റാറുണ്ട്. ഇത് കുടുംബ ഐക്യത്തെയും, ഇപ്പോഴത്തെ തലമുറകളെയും ബന്ധിപ്പിച്ച് ഒത്തൊരുമയോടെ കൊണ്ടുപോകാൻ സഹായിക്കുന്നു.