കാപ്പിരി​

കുടുംബത്തിലെ സ്ഥല ദേവതകളിൽ ഒന്നാണ് കാപ്പിരി. സർപ്പംയക്ഷിരക്ഷസ് എന്നിവയാണ് കുടുംബത്തിലെ മറ്റ് സ്ഥല ദേവതകൾ. കിരാത ഭാവത്തിലുള്ള ശിവ ചൈതന്യമാണ് കാപ്പിരി. ആര്യവീട് കുറ്റാനപ്പിള്ളി തറവാടുകളുടെ, ഭൂസ്വത്തുകളുടേയും അംഗങ്ങളുടേയും സംരക്ഷകനാണ് കാപ്പിരിയെന്ന് വിശ്വസിക്കപ്പെടുന്നു.

കർക്കിടക മാസത്തിലെ അമാവാസി ദിനത്തിൽ, കാപ്പിരിക്കും പൂർവ്വികർക്കുമായി കലശ പൂജ (ദാഹം ശമിപ്പിക്കൽ) പരമ്പരാഗതമായി ആര്യവീട്ടിലും കുറ്റാനപ്പിള്ളി കുടുംബത്തിലും നടത്തി വരുന്നു. കുടുംബത്തിലെ അഭിവൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി കുഞ്ഞുണ്ണി ഇളയിടം, വേലായുധ പണിക്കർ, പരമേശ്വര പണിക്കർ, വേലായുധൻ ഇളയിടം തുടങ്ങി കുടുംബത്തിലെ കാരണവന്മാരും മറ്റ് കുടുംബാംഗങ്ങളും, കലശ പൂജ ഭക്തിയോടെ അനുഷ്ഠിച്ചു പോരുന്നു.

കാപ്പിരി പ്രതിഷ്ഠ​

Kappirithara1_header

ക്ഷേത്ര മതിൽ കെട്ടിനു പുറത്ത്, ആര്യവീട് തറവാട് അടുക്കള വശത്ത് പ്രത്യേകം തറ പണിത് കാപ്പിരിയെ ശിവലിംഗ രൂപത്തിൽ പീഠത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. 1999 ൽ തറ പുതുക്കിപ്പണിയുകയും പുലിയന്നൂർ തന്ത്രി പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തു. കാപ്പിരി പ്രതിഷ്ഠ ഇപ്പോഴുള്ള സ്ഥാനത്തു നിന്ന് ക്ഷേത്ര മതിൽകെട്ടിനകത്തേയ്ക്ക് മാറ്റി സ്ഥാപിക്കുവാൻ ആലോചിച്ചിരുന്നു എങ്കിലും അഷ്ടമംഗലപ്രശ്നത്തിൽ, തറവാട് അടുക്കളയിൽ നിന്നുള്ള സുഗന്ധം ആസ്വദിക്കാൻ പാകത്തിന് ഇപ്പോൾ ഇരിക്കുന്ന സ്ഥാനം ഹിതമാണെന്നുകണ്ട്‌, ആ തീരുമാനം വേണ്ടെന്ന്  വയ്ക്കുകയായിരുന്നു.

കാപ്പിരി ആചാരങ്ങൾ

കുടുംബത്തിലെ ഗുരു കാരണവരാണ്  കാപ്പിരിപൂജ നടത്തി വരുന്നത്.

1999 ലെ നവീകരണത്തിന് ശേഷം, ആര്യവീട് ക്ഷേത്രത്തിലെ പ്രതിഷ്‌ഠാദിനത്തിൽ, ക്ഷേത്രത്തിലെ കലശാഭിഷേകത്തിന് ശേഷം, തന്ത്രി കാപ്പിരിക്കും കലശമാടുന്നു. 

കർക്കിടകമാസത്തിലെ (ജൂലൈ-ഓഗസ്റ്റ്) കറുത്തവാവിനാണ് കുടുംബാംഗങ്ങൾ കാപ്പിരിക്ക്‌ കലശപൂജ നടത്തുന്നത്. കാർക്കിടക വാവു ഒഴികെയുള്ള അമാവാസി ദിനങ്ങളിൽ കുടുംബാംഗങ്ങൾക്ക്‌ വഴിപാടായി കലശം നടത്താം. കാപ്പിരി കലശത്തിനായി കുടുംബാംഗങ്ങൾ തന്നെ തറവാട്ടിൽ പൂജക്കായുള്ള ഒരുക്കങ്ങൾ നടത്തുന്നു. 

പൂജയുടെ ഭാഗമായി ആര്യവീട്ടിൽ,   കാപ്പിരിത്തറയിൽ കാപ്പിരിക്കും തറവാട്ടിലെ പടിഞ്ഞാറ് വശത്തുള്ള മുറിയിൽ കാരണവർക്കും, നിവേദ്യങ്ങൾ അർപ്പിക്കുന്നു. കാരണവരുടെ സാന്നിധ്യത്തെ പ്രതിനിധീകരിച്ച് ഒരു ചൂരലും  വെക്കാറുണ്ട്. കുറ്റാനപ്പിള്ളിയിൽ, കാപ്പിരിക്ക്‌ പ്രത്യേക പ്രതിഷ്ഠ ഇല്ലാത്തതിനാൽ പദ്മം ഇട്ടാണ് കലശപൂജ നടത്തുന്നത്. 

അഷ്ട മംഗലപ്രശ്നം (1998)

കുടുംബത്തിലെ ചില അസ്വസ്ഥതകൾ മുൻനിർത്തി,  1998 ൽ നടത്തിയ അഷ്ടമംഗലപ്രശ്നത്തിൽ കാപ്പിരിക്കു ചില അനിഷ്ടങ്ങൾ ഉണ്ടെന്നു കണ്ടു.

പൂർവികർ പിന്തുടർന്നു വന്ന കലശപൂജവിധികൾക്ക് വ്യത്യസ്‌തമായി, കാപ്പിരിത്തറയിലും കാരണവർക്കും പ്രത്യേകമായി നടത്തിവന്ന നിവേദ്യം കാപ്പിരിത്തറയിൽ മാത്രമായി ഇടക്കാലത്ത് നൽകുകയും, അങ്ങനെ കാരണവർ കാപ്പിരിത്തറയിൽ നേദ്യം സ്വീകരിക്കുക വഴി, കാപ്പിരി പ്രതിഷ്ഠ കാരണവരുടെ സാന്നിധ്യം മൂലം അശുദ്ധിയാകാൻ ഇടവരുകയും ചെയ്തു. ഇത് കാപ്പിരിക്ക് അസന്തുഷ്ടിക്ക് കാരണമായി. കാപ്പിരിയും കാരണവരും ഒന്നാണ് എന്ന ചിന്തമൂലമാണ്  അങ്ങനെ സംഭവിച്ചത് എന്നു കരുതുന്നു. 

അഷ്ടമംഗല വിധിപ്രകാരം കാരണവർക്കും കാപ്പിരിക്കുമുള്ള ബാധാബന്ധത്തെ വേർപെടുത്തി ശുദ്ധി ചെയ്ത് കലശാഭിഷേകം നടത്തി പൂർവികത്തിൽ ഉണ്ടായിരുന്നതുപോലെ പ്രത്യേകം കലശപൂജ നടത്തുവാൻ തീരുമാനിച്ചു.

കാപ്പിരി നിവേദ്യങ്ങൾ

WhatsApp Image 2020-08-18 at 5.01.02 PM
വറുത്ത അരിയുടെ മുകളിൽ നാളികേര വട്ടത്തിൽ കൊത്തി വച്ചത്
അവൽ, മലർ, ശർക്കര, ചെറു പഴം
പുട്ട്, അപ്പം, വട, പരിപ്പുവട, പപ്പടം

കർക്കിടക മാസത്തിലെ  കറുത്ത വാവിന്,  സൂര്യാസ്തമയത്തിനുശേഷമാണ് കാപ്പിരിക്കലശം നടത്തുന്നത്. കാപ്പിരിത്തറ നിലവിളക്ക്, പൂക്കൾ, കുരുത്തോല എന്നിവ കൊണ്ട് അലങ്കരിക്കും. കലശത്തിനുള്ള  നിവേദ്യങ്ങൾ കുടുംബാംഗങ്ങൾ തറവാട്ടടുക്കളയിൽ രുചിച്ചുനോക്കാതെയും, ചിലത് ഉപ്പ് ഇല്ലാതെയും  തയ്യാറാക്കുന്നു. വറുത്ത അരിയുടെ മുകളിൽ നാളികേരം വട്ടത്തിൽ കൊത്തി വച്ച്, അവൽ, മലർ, ശർക്കര, ചെറുപഴം, തേൻ, കരിക്ക്, പുട്ട്, അപ്പം, വട, പരിപ്പുവട, പപ്പടം, പരമ്പരാഗത രീതിയിൽ തേങ്ങ വറത്തരച്ചു വച്ച കോഴിയിറച്ചി, കോഴി പിടിയൻ, കരുവാട് (ഉണക്ക മീൻ വറുത്തത്), കള്ള്, ചുരുട്ട്, മുറുക്കാൻ (വെറ്റിലയും പാക്കും) എന്നിവയും നേദിക്കുന്നു. പൂജയ്ക്കും, ദീപാരാധനക്കും ശേഷം കുടുംബാംഗങ്ങൾക്ക് പ്രസാദമായി നിവേദ്യം വിതരണം ചെയ്യുന്നു.

അഷ്ടമംഗല വിധിപ്രകാരം കള്ളിനു പകരം കരിക്കും തേനും ആണ് ഇപ്പോൾ നേദിക്കുന്നത്.

പുതുതലമുറയിൽപ്പെട്ട കുടുംബാംഗങ്ങൾ മേൽ പറഞ്ഞ ആചാരങ്ങളുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതും, കൃത്യനിഷ്ഠയോടെ പിന്തുടരേണ്ടതും ആകുന്നു. 

നിവേദ്യം തയ്യാറാക്കുന്നു
നിവേദ്യം തയ്യാറാക്കുന്നു

പ്രസാദം കഴിക്കുന്ന കുടുംബാംഗങ്ങൾ

കാപ്പിരി നുറുങ്ങുകൾ

കാപ്പിരിയുമായി ബന്ധപ്പെട്ട നിരവധി കഥകൾ പൂർവ്വികരും മറ്റ് കുടുംബാംഗങ്ങളും പറഞ്ഞു കേട്ടിട്ടുണ്ട്. രാത്രിയിൽ വീടിനുപുറത്ത് അസാധാരണമായ ഉയരവും വലുപ്പവുമുള്ള ഒരു വ്യക്തിയുടെ നിഴലും സാന്നിധ്യവും, ചുരുട്ടിന്റെയും ബീഡിയുടെയും ഗന്ധവും അനുഭവിച്ചറിഞ്ഞതായി പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്  കുടുംബത്തെ സംരക്ഷിക്കുന്ന കാപ്പിരിയുടെ സാന്നിധ്യമാണെന്ന് പൂർവ്വികർ വിശ്വസിച്ചു പോന്നിരുന്നു.

കാപ്പിരി കലശം മുടങ്ങുമ്പോൾ, തറവാടിന്റെ തെക്ക് വശത്തെ വാതിലിൽ ശക്തിയായി  ഇടിക്കുന്ന  ശബ്ദവും കേട്ടതായിട്ട് മുത്തശ്ശിമാരും കാരണവൻമാരും പറഞ്ഞിട്ടുണ്ട്. മറ്റ് കുടുംബാംഗങ്ങളുടെ വീടുകളിലും സമാനമായ ശബ്ദങ്ങൾ കേട്ടതായി പറയുന്നു.  കുടുംബത്തിലെ പലരും ചൂരൽ വീശുന്ന ശബ്ദവും, ചൂളമടിയും കേട്ടതായി അനുഭവങ്ങൾ പങ്കിട്ടിട്ടുണ്ട്.

ഓം നമഃ ശിവായ