സ്വാമിയേ ശരണം അയ്യപ്പ
ശബരിമല ദർശനം ആര്യവീട് കുടുംബം പരമ്പരാഗതമായി പിന്തുടർന്നു വരുന്ന ഒരു ആചാരമാണ്. മണ്ഡലം നാല്പത്തിയൊന്നിനോ മകരസംക്രാന്തിക്കോ ആണ് സാധാരണയായി ദർശനം നടത്തുന്നത്. കാരണവർ കുഞ്ഞുണ്ണി ഇളയിടത്തിന്റെ കാലത്തു തന്നെ ദേശത്തു നിന്നുള്ള ശബരിമല ദർശനം കുടുംബ കാരണവരുടെ നേതൃത്വത്തിലും മേൽനോട്ടത്തിലും ആയിരുന്നു.
ദേശത്തുള്ള മറ്റു കുടുംബങ്ങളിൽ നിന്നും കെട്ടുനിറച്ച് ആര്യവീട്ടിൽ വന്ന്, അയ്യപ്പ പൂജയും കെട്ടുനിറയും അന്നദാനവും കഴിഞ്ഞ്, ഭക്തിപുരസ്സരം ശബരിമല ദർശനം നടത്തുക പതിവായിരുന്നു. കാരണവർ വേലായുധൻ ഇളയിടത്തിന്റെ കാലത്തു വരെ ഈ സമ്പ്രദായം നിലനിന്നിരുന്നു. ആര്യവീട് കുടുംബത്തിലെ അംഗങ്ങൾ ഇന്നും ചിട്ടയായി മുറ തെറ്റാതെ ശബരിമല ദർശനം നടത്തി വരുന്നു. കുഞ്ഞുണ്ണി ഇളയിടത്തിന് ശേഷം, ഗുരു ഉപദേശം സ്വീകരിച്ച് പരമേശ്വര പണിക്കരും പിന്നീട് വേലായുധൻ ഇളയിടവും പെരിയ സ്വാമിമാരായി. ഇപ്പോഴത്തെ പെരിയസ്വാമി ബാലചന്ദ്ര പണിക്കരാണ് (ഗംഗൻ).
- മണ്ഡല വ്രതാനുഷ്ഠാനം: കുടുംബജനങ്ങൾ ശബരിമല ദർശനത്തിന് മുന്നോടിയായി വൃശ്ചികം ഒന്നു മുതൽ മാലയിട്ട് വ്രതം അനുഷ്ഠിക്കുന്നു.
- അയ്യപ്പ പൂജ: മണ്ഡലക്കാലത്ത് ആര്യവീട് തറവാട്ടിലോ, കുറ്റാനപ്പിള്ളി തറവാട്ടിലോ, കുടുംബാംഗങ്ങളുടെ വീടുകളിലോ അയ്യപ്പപൂജ, ഭജന, ശാസ്താംപാട്ട് എന്നിവ നടത്തി അന്നദാനം ചെയ്യുന്ന പതിവുണ്ട്.
- കെട്ടുനിറ: കുടുംബക്ഷേത്രത്തിലെ ശാസ്താവിന്റെ നടയിൽ ഭക്തിനിർഭരമായ ഭജനയോടു കൂടി, പെരിയ സ്വാമിയുടെ നേതൃത്വത്തിൽ, അയ്യപ്പന്മാർ ഇരുമുടിക്കെട്ട് നിറയ്ക്കുന്നു.
- ശബരിമല ദർശനം: സാധാരണയായി, കെട്ടു നിറച്ച അയ്യപ്പന്മാർ മണ്ഡല പൂജയ്ക്കോ (41-ാം ദിവസം) മകരവിളക്കിനോ (ജനുവരി മാസം) ആണ് ദർശനം നടത്താറുള്ളത്.
മണ്ഡല വ്രതാനുഷ്ഠാനം
- ശബരിമല ദർശനം ആഗ്രഹിക്കുന്ന ഭക്തൻ 41 ദിവസം മുൻപ് മാലചാർത്തി വ്രതം ആചരിക്കേണ്ടതാണ്. ആദ്യമായി പോകുന്ന ആൾ 51 ദിവസത്തെ വ്രതം ആചരിയ്ക്കണം എന്നും അഭിപ്രായമുണ്ട്. മാതാപിതാക്കളുടെയും, ഗുരുസ്വാമിയുടെയും, പരദേവതയുടെയും അനുവാദവും അനുഗ്രഹവും വാങ്ങി വേണം വ്രതം ആരംഭിക്കുവാൻ. വൃശ്ചികമാസം ഒന്നാം തീയതിയോ, ശനിയാഴ്ച ദിവസമോ, ഉത്രം നക്ഷത്ര ദിനത്തിലോ, ഗുരുസ്വാമിയുടെ അടുത്തു നിന്ന്, കുടുംബക്ഷേത്രത്തിലോ, ശാസ്താ ക്ഷേത്രത്തിലോ വച്ച്, തുളസിമാല ധരിച്ചു വ്രതം ആരംഭിക്കാവുന്നതാണ്.
- ശബരിമല ദർശനത്തിന്റെ പരമലക്ഷ്യമായ ജീവാത്മാ-പരമാത്മാ സംയോഗത്തിനുള്ള ശാരീരികവും മാനസികവുമായ തയ്യാറെടുപ്പാണ് മണ്ഡലവ്രതാചരണം.
- മാല ധരിച്ചാൽ ഭക്തൻ ശൗചവിധി അനുസരിച്ച് രണ്ടു നേരം കുളിച്ച് ശരണം വിളിക്കണം. ശുദ്ധവും മിതവുമായി ഭക്ഷിക്കണം. പഴകിയ ഭക്ഷണവും മാംസാഹാരവും പരിപൂർണമായി ഉപേക്ഷിക്കണം. ബ്രഹ്മചര്യ വ്രതം അനുഷ്ഠിക്കണം. ക്ഷൗരം ചെയ്യുകയോ നഖം മുറിയ്ക്കുകയോ ചെയ്യുവാൻ പാടുള്ളതല്ല. മാനസികമായി പരമാത്മചൈതന്യത്തിലേക്ക് ശ്രദ്ധ തിരിയുവാൻ വേണ്ടിയുള്ള ശാരീരികമായ തയ്യാറെടുപ്പാണ് ഇത്. ഈ ദിവസങ്ങളിൽ കുടുംബാംഗങ്ങളും വ്രതം അനുഷ്ഠിയ്ക്കേണ്ടതാണ്.
- മിതമായും സത്യമായും സംസാരിക്കുകയും, എല്ലാ പ്രവർത്തികളും സ്വാമിയിൽ അർപ്പിച്ച് കൃത്യനിഷ്ഠയോടെ ചെയ്യുകയും വേണം. സർവ്വ ചരാചരങ്ങളെയും അയ്യപ്പനായും, താൻ സ്വയം അയ്യപ്പനായും വിഭാവന ചെയ്ത് വേണം സംസാരിക്കുവാനും പ്രവർത്തിക്കുവാനും.
- എല്ലാ വാക്കിലും സ്വാമിശരണം എന്ന മുദ്ര ഉപയോഗിക്കണം. മറ്റുള്ളവരെ സ്വാമി എന്ന് അഭിസംബോധന ചെയ്യണം. ഇങ്ങനെ ഭഗവത്ഭക്തിയോടെ ശാന്തനായി ബാഹ്യ ആന്തരിക ശുദ്ധിയെ സമ്പാദിക്കണം. അയ്യപ്പന്മാരുടെ സംഘത്തിൽ കൂടി അയ്യപ്പപൂജ, ഭജന, ആഴിപൂജ ഇവയിൽ സ്വയമേവ പങ്കു കൊള്ളണം.
അയ്യപ്പ പൂജയും ഭജനയും
- സൂര്യാസ്തമയത്തിനുമുമ്പ് നിലവിളക്കു കൊളുത്തി അയ്യപ്പ പൂജയ്ക്ക് തുടക്കമിടുന്നു. ഗണപതി (ഗണപതി വിളക്കു), അയ്യപ്പൻ (പീഠം അഥവാ ഫോട്ടോ), ഗുരു (വിളക്കു) എന്നിവർക്കാണ് പൂജ.
- ശാസ്താം പാട്ടിന് മുകളിലുള്ള ദേവതകളെ കൂടാതെ മാളികപ്പുറം (പീഠം അഥവാ ഫോട്ടോ), കടുത്ത (പീഠം), വാവർ (പീഠം), മുരുകൻ, തലപ്പാറമല എന്നിവരെയും ആരാധിയ്ക്കുന്നു.
- വാഴയിലയിൽ നെല്ലും അരിയും അതിന് മുകളിൽ നാളികേരവും വച്ച്, ദേവ സങ്കല്പമായി കണക്കാക്കി, ഗുരുസ്വാമി പൂജയും, നൈവേദ്യവും, പുഷ്പഞ്ജലിയും അർപ്പിച്ച്, ദീപാരാധന നടത്തുന്നു.
- അവിൽ, മലർ, ശർക്കര, കദളിപ്പഴം, ഇളനീർ, കരിമ്പ്, പഞ്ചാമൃതം, പായസം, പാനകം എന്നിവ അയ്യന് നേദിയ്ക്കുന്നു.
- കൊടിവിളക്ക്, കർപ്പുരം, നെയ്യിൽ മുക്കിയ 72 തിരിയിട്ട തട്ടം, എന്നീ ദ്രവ്യങ്ങൾ കൊണ്ട് ദീപാരാധന നടത്തുന്നു.
- കുടുംബാംഗങ്ങൾ മണ്ഡലകാലത്ത് ശനിയാഴ്ചകളിൽ അയ്യപ്പ പൂജയോടൊപ്പം ഭജനയും നടത്തുന്നു.
ശാസ്താം പാട്ട് (വിളക്ക് പാട്ട് / അയ്യപ്പ പാട്ട് )
മുൻകാലങ്ങളിൽ ശാസ്താംപാട്ട് നടത്തുമ്പോൾ കുടുംബാംഗങ്ങളും സമീപപ്രദേശത്തെ അയ്യപ്പന്മാരും അവരുടെ വീട്ടുകാരും പ്രത്യേകം ക്ഷണിക്കാതെ തന്നെ വന്ന് ഭജനയിലും ശാസ്താംപാട്ടിലും പങ്കു ചേരുമായിരുന്നു. ഇത് ഒരു വിശേഷാവകാശവും അനുഗ്രഹവും ആയി കണക്കാക്കപ്പെട്ടിരുന്നു.
ശാസ്താംപാട്ട് നടക്കുന്ന ഗൃഹത്തിന്റെ മുറ്റവും പരിസരവും സന്ധ്യക്ക് മുൻപേ അടിച്ചുവാരി വൃത്തിയാക്കി, ചാണകം മെഴുകി അതിൽ വാഴപ്പോള ഉപയോഗിച്ച് സമചതുരത്തിൽ അമ്പലം കൂട്ടുന്നു. അമ്പലത്തിൽ ശാസ്താവിനെ കൂടാതെ ഗണപതി, മാളികപ്പുറം, വാവരുസ്വാമി, കറുപ്പസ്വാമി, ചെറിയ കടുത്തസ്വാമി, വലിയ കടുത്തസ്വാമി എന്നിവരെ പ്രതിഷ്ഠിയ്ക്കുന്നു. വാഴയിലയിൽ, നെല്ല്, അരി എന്നിവ വച്ച് പീഠത്തിൽ സ്ഥാപിച്ചിരിക്കുന്ന നാളികേരത്തിൽ ദേവന്മാരെ പ്രതിഷ്ഠിക്കുന്നു.
സന്ധ്യയ്ക്ക് വിളക്കുവെച്ച്, പൂജ ആരംഭിച്ച് ദീപാരാധന നടത്തുന്നതോടെ അയ്യപ്പസ്വാമിയുടെ ജനനം മുതലുള്ള കഥകൾ പറയുന്ന ശാസ്താംപാട്ട്, അയ്യപ്പന്മാർ ഉടുക്കു കൊട്ടി പാടുന്നു. ശാസ്തംപാട്ടു മൂർദ്ധന്യത്തിൽ എത്തുമ്പോൾ, ദേവതകളെ “എതിരേൽക്കുന്നു”. എതിരേൽപ്പ് സമയത്ത് (സാധാരണ അർദ്ധരാത്രിയോടെയാണ് ഇത് നടക്കുന്നത്), “അയ്യപ്പൻ, മാളികപ്പുറം, കടുത്ത, വാവർ” എന്നീ ദൈവങ്ങളെ പ്രതിനിധീകരിച്ച് അയ്യപ്പന്മാരും ഭക്തരും ശാസ്താംപാട്ടു നടത്തുന്നവരും “തുള്ളൽ” എന്ന നൃത്തം അവതരിപ്പിക്കുന്നു. ആലാപനം നടക്കുമ്പോഴും ആദ്യത്തെ പൂജയ്ക്കു ശേഷവും അന്നദാനം ആരംഭിക്കുന്നു.
അരമണിയും, ചിലമ്പുമണിഞ്ഞ്, ചൂരലും, ഭഗവതിവാളും കൈയിലേന്തി അയ്യപ്പ സ്വാമിയായും, മാളികപ്പുറമായും ഇവർ ഉറഞ്ഞു തുള്ളുന്നു. കടുത്തയെയും വാവരെയും പ്രതിനിധികരിച്ച് “അടയ്ക്ക പൂങ്കുലയും” വഹിക്കുന്നു. അടുത്തുള്ള ഒരു സ്ഥലത്ത് “വാഴക്കുല നാട്ടി”, ക്ഷേത്രമായി സങ്കല്പിച്ച്, അങ്ങോട്ടേയ്ക്ക് ഘോഷയാത്ര ആരംഭിക്കുന്നു. ഈ പൂജാമണ്ഡപത്തിൽ എത്തിയശേഷം, കോമരങ്ങൾ വാൾ, ചിലമ്പ്, ചൂരൽ എന്നിവ മണ്ഡപത്തിൽ സമർപ്പിക്കുകയും, ഗുരുസ്വാമി പൂജ നടത്തിയ ശേഷം തിരികെ വാഴപ്പോള കൊണ്ടുള്ള ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി പോവുകയും ചെയ്യുന്നു.
പൂജാമണ്ഡപത്തിന്റെ ഈശാന ഭാഗത്ത്, തറ ശുദ്ധമാക്കി മണ്ഡപം നിർമ്മിച്ച് ഊർധ്വമുഖമായി ഹോമത്തിന് ഉപയോഗിക്കുന്ന വിറകുകൾ അടുക്കി, കേരബലി നടത്തി ഭൈരവാനുജ്ഞ വാങ്ങിയതിനു ശേഷം വേണം ആഴി കൂട്ടുവാൻ. ശേഷം കർപ്പൂര ദീപം കൊണ്ട് ആഴിയിൽ അഗ്നി പകർന്ന്, ഈ അഗ്നിയെ ഭഗവാന്റെ തിരുമുഖമായി സങ്കല്പിച്ച്, കുളിച്ച് ശുദ്ധമായി വന്ന് അയ്യപ്പന്മാർ നെല്ല്, അരി, കർപ്പൂരം തുടങ്ങിയ ദ്രവ്യങ്ങൾ അർപ്പിച്ച്, ശരണം വിളികളോടെ പ്രദക്ഷിണം വയ്ക്കുന്നു.
അയ്യപ്പന്മാരും ഉടുക്കു പാട്ടുകാരും അയ്യപ്പചിന്തുകൾ പാടി, നെല്ലും അരിയും അഗ്നിയിൽ സമർപ്പിക്കുന്നു. വ്രതശുദ്ധിയുള്ള അയ്യപ്പന്മാർ ആഴിയിലൂടെ നടക്കുകയും, തീക്കനൽ കൈയിലെടുത്ത് ദേഹമാസകലം വാരി വിതറുകയും ചെയ്യുന്നു.
പൂജയുടെ അവസാനത്തോടെ തുള്ളലിന്റെ ശക്തി വർദ്ധിക്കുന്നു. കോമരങ്ങൾ അയ്യപ്പന്മാർക്കും കുടുംബാംഗങ്ങൾക്കും അനുഗ്രഹം നൽകുന്നു. ഇവരെ പൂർവ്വികർ വളരെയധികം ബഹുമാനിക്കുകയും, അവരുടെ വാക്കുകൾക്ക് വില കല്പിക്കുകയും ചെയ്തിരുന്നു. പുലർച്ചെ നാലുമണിയോടെ സൂര്യോദയത്തിനു മുമ്പായി ഗുരുസ്വാമി ദീപാരാധന നടത്തി, പീഠം കമഴ്ത്തി പൂജ അവസാനിപ്പിക്കുന്നു.
മുകളിൽ പറഞ്ഞ എല്ലാ നടപടികളും ശാസ്താംപാട്ടിൽ കർശനമായി പാലിക്കേണ്ടതില്ല. അന്നദാനത്തിനു ശേഷമോ ഘോഷയാത്ര അവസാനിക്കുമ്പോഴോ ശാസ്താം പാട്ടു തീർക്കാം.
കാലക്രമേണ കുടുംബത്തിൽ ശാസ്താംപാട്ടിനു പകരം, മണ്ഡലകാലത്ത് ശനിയാഴ്ച തോറും ഭവനങ്ങളിൽ വെച്ച് അയ്യപ്പ പൂജയോടൊപ്പം ഭജനയും നടത്തി വരുന്നു. പിന്നീട് പ്രത്യേക വഴിപാടായിട്ടാണ് കുടുംബത്തിൽ ശാസ്താംപാട്ട് നടത്തിവരാറുള്ളത്. വളരെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം രണ്ടായിരത്തി പതിനെട്ടിൽ, കുടുംബത്തിൽ ശാസ്താംപാട്ട് നടത്തി.
തറവാട് ക്ഷേത്രത്തിലെ കെട്ടുനിറ
മണ്ഡല മാസ വ്രതാചാരങ്ങളുടെയും, അയ്യപ്പ പൂജകളുടെയും, ഭജനകളുടെയും ഫലമായി അയ്യപ്പന്മാരും കുടുംബജനങ്ങളും ഭക്തിലഹരിയിലും ഉത്സവപ്രതീതിയിലുമാണ് കെട്ടുനിറ എന്ന അനുഷ്ഠാനത്തിലേക്കു കടക്കുന്നത്. കുടുംബ ജനങ്ങൾക്ക് അത്യന്തം ഉത്സാഹവും സന്തോഷവും നൽകുന്ന ഒന്നാണ് കെട്ടുനിറ. തറവാട്ടു ക്ഷേത്രത്തിൽ പഞ്ചമൂർത്തികളുടെ നടയിലാണ് കെട്ടുനിറയ്ക്കുന്നത്. അന്ന് ക്ഷേത്രത്തിൽ ചുറ്റുവിളക്കും, വിശേഷാൽ പൂജകളും ഉണ്ടാകാറുണ്ട്. ദീപാരാധനയ്ക്ക് ശേഷം ഭജനയും, നൈവേദ്യവും കഴിഞ്ഞാൽ കെട്ടുനിറയും ആരംഭിക്കുന്നു.
ഗുരുസ്വാമിയുടെ മാർഗനിർദേശപ്രകാരം ശരണം വിളികളോടെ ആദ്യം കന്നി സ്വാമിമാരും പിന്നീട് മറ്റ് അയ്യപ്പന്മാരും കെട്ടുനിറയ്ക്കുന്നു. ലക്ഷണമൊത്ത നാളികേരത്തിൽ ആദ്യം ശുദ്ധമായ നെയ്യ് നിറയ്ക്കുന്നു. ഇതിനു മുദ്ര എന്നാണു സാധാരണയായി പറയാറുള്ളത്. നെയ്യിനെ ജീവാത്മാവായും, നാളികേരത്തിനെ ശരീരമായും സങ്കൽപ്പിച്ചാണു മുദ്ര നിറക്കുന്നത്. അതിനു ശേഷം ഇരുമുടി നിറയ്ക്കുന്നു.
ഇരുമുടിയുടെ മുൻകെട്ടിൽ അഭിഷേകത്തിനുള്ള മുദ്രയോടൊപ്പം അയ്യപ്പസ്വാമിയ്ക്കും പരിവാരങ്ങൾക്കും വഴിപാട് സമർപ്പണത്തിനുള്ള ഉണക്കലരി, അവിൽ, മലർ, ശർക്കര, കൽക്കണ്ടം, ഉണക്കമുന്തിരി, നാളികേരം, കദളിപ്പഴം, വെറ്റില, അടയ്ക്ക, നാണയം(കാണിപ്പൊന്ന്), ചന്ദനത്തിരി, കർപ്പൂരം, കളഭം, വിഭൂതി, കുങ്കുമം, മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവയും, പിൻകെട്ടിൽ ഭക്തർക്കുള്ള ഭക്ഷണവും വസ്ത്രവും ഒപ്പം പതിനെട്ടാം പടിയിൽ ഉടയ്ക്കുവാനുള്ള നാളികേരവും നിറയ്ക്കുന്നു. കെട്ടുനിറയ്ക്കു ശേഷം, അയ്യപ്പന്മാർ അന്നു രാത്രി ക്ഷേത്ര ഊട്ടുപുരയിൽ താമസിക്കുന്നു. മുപ്പതിയൊമ്പതാം ദിവസം അതിരാവിലെ അയ്യപ്പന്മാർ ശബരിമലയിലേക്ക് പുറപ്പെടുന്നു.
പണ്ടു കാലത്ത് രണ്ട് ദിവസങ്ങളിലായിട്ടാണ് കെട്ട് നിറച്ചിരുന്നത്. രാവിലത്തെ കെട്ടുനിറ വെളിയത്തറ നാരായണ പണിക്കരുടെ വീട്ടിലോ, വെള്ളാട്ട് വടക്കേമഠം കേശവപ്പണിക്കരുടെ വീട്ടിലോ ആയിരുന്നു. വൈകുന്നേരം കുറ്റാനപ്പിള്ളി തറവാട്ടിലെ കുടുംബ ക്ഷേത്രത്തിൽ അവിടെയുള്ളവർ കെട്ടുനിറച്ചിരുന്നു. പിറ്റേദിവസം രാവിലത്തെ കെട്ടുനിറ ഞെട്ടയിൽ പദ്മനാഭ മേനോന്റെ വീട്ടിലോ, മംഗലകുഴി ഗോപാല മേനോന്റെ വീട്ടിലോ ആയിരുന്നു. വൈകുന്നേരം ആര്യവീട് തറവാട്ടിലെ സമാപന വലിയ കെട്ടുനിറ കൂടാനായി ആദ്യമേ കെട്ടുനിറച്ച അയ്യപ്പന്മാരും, ചുറ്റുവട്ടത്തുള്ള മറ്റു അയ്യപ്പന്മാരും ഇരുമുടിക്കെട്ടും തലയിലേന്തി ഘോഷയാത്രയായി വരുമായിരുന്നു. കെട്ടുനിറയും ഭജനയും ആര്യവീടു ക്ഷേത്രാങ്കണത്തിൽ നടത്തുകയും അതു കഴിഞ്ഞു ക്ഷേത്ര ഊട്ടുപുരയിൽ അന്നദാനം നടത്തുകയും ചെയ്തിരുന്നു. ഇത് തറവാട്ടിലെ ഭക്തി നിർഭരമായ ഒരാഘോഷമായിരുന്നു.
ശബരിമല തീർത്ഥാടനം
അയ്യപ്പന്മാർ കെട്ടുനിറയുടെ അടുത്ത ദിവസം അതിരാവിലെ കുളിച്ചു സർവ്വപ്രായശ്ചിത്തമായി കെട്ടിൻപുറത്ത് ദക്ഷിണ വച്ച്, ശരണം വിളികളോടെ കെട്ട് താങ്ങി, നാളികേരം ഉടച്ചു ശബരിമല തീർത്ഥാടനം ആരംഭിക്കുന്നു.
തീർത്ഥാടകർ എരുമേലിയിൽ എത്തി കെട്ട് ഇറക്കി ശാസ്താവിനെ വന്ദിക്കുന്നു. അതിനു ശേഷം “മഹിഷീ നിഗ്രഹ”ത്തിനെ അനുസ്മരിച്ച് “പേട്ടതുള്ളി” അയ്യപ്പന്മാർ വാവർ നടയിൽ ദർശനം നടത്തി തിരിച്ച് വരുന്നു.
പേട്ടതുള്ളിന് ശേഷം നാളികേരം ഉടച്ചു ഭക്തിയോടെ പൂങ്കാവനം ചവിട്ടി, പേരൂർത്തോട്ടിൽ മലർ തൂകി, അഴുതാ നദിയിൽ കുളിച്ച് കല്ലെടുത്ത്, കല്ലിടാംകുന്നിൽ കല്ലിട്ടു തൊഴുതു, കോട്ടകൾ തോറും കേരബലി ചെയ്തു, വെടിവഴിപാടും കർപ്പൂരാരാധനയും ദാനകർമ്മങ്ങളും ചെയ്തു കരിമല ചവിട്ടി പരമ പവിത്രമായ പമ്പയിൽ പ്രവേശിക്കുന്നു.
അന്ന് അവിടെ താമസിക്കുന്ന സംഘം, പമ്പാതീർത്ഥത്തിൽ മുങ്ങിക്കുളിച്ച ശേഷം, പിതൃകൾക്ക് “ശ്രാദ്ധബലി” നടത്തി, ഗുരു ദക്ഷിണ ചെയ്ത്, പമ്പാസദ്യയിൽ പങ്കു കൊള്ളുന്നു. പിറ്റേ ദിവസം രാവിലെ കെട്ടുതാങ്ങി ഗണപതി, നാഗരാജാവ്, പാർവതി, ആദിമൂല ഗണപതി, ഹനുമാൻ, ശ്രീരാമൻ എന്നിവരെ വന്ദിച്ച്, കാണിക്ക അർപ്പിച്ച്, കേര ബലി നടത്തി നീലിമല കയറുന്നു. അപ്പാച്ചിമേട്ടിൽ എത്തുന്ന സംഘം അവിടെ അരിയുണ്ട എറിഞ്ഞു, ശ്രീരാമൻ ശബരിക്ക് ദർശനം നൽകിയ ശബരീപീഠം വന്ദിച്ച്, ശരംകുത്തിയാൽത്തറയിൽ (പന്തള രാജാവിന് ശ്രീകോവിൽ നിർമ്മാണത്തിനുള്ള സ്ഥലം അയ്യപ്പൻ അമ്പടയാളത്തിലൂടെ കാണിച്ചു കൊടുത്ത സ്ഥലം) ശരക്കോലിട്ട്, സന്നിധാനം കണ്ടു വന്ദിച്ച്, പരമ പവിത്രമായ പതിനെട്ടാംപടി ചവിട്ടി ഭഗവാനെ ദർശിക്കുന്നു.
ഭഗവാൻ സർവജ്ഞ പീഠത്തിലാണ് കുടികൊള്ളുന്നത്. താരകബ്രഹ്മത്തിനെ പൂജിക്കുന്ന ഈ പീഠത്തിനു യോഗ പീഠം എന്നാണു പറയപ്പെടുന്നത്. ഭഗവാൻ ഈ യോഗപീഠത്തിൽ കിഴക്ക് അഭിമുഖമായിട്ടാണ് ഇരിക്കുന്നത്. യോഗപീഠത്തിൽ രണ്ടു കാലും ഊന്നി ദക്ഷിണാമൂർത്തി സമാധിക്ക് ധരിക്കുന്ന ഇടയിറക്ക് എന്ന കച്ച കൊണ്ട് കാൽമുട്ടുകളെ ബന്ധിച്ച്, മണിപൂരക സ്ഥാനം ഊന്നി, ബഹിർഭാഗം നിവർത്തി, തൃക്കൈകൾ അഭയവര മുദ്രയോടെ പരബ്രഹ്മത്തിൽ ലയിച്ച്, അന്തർലക്ഷ്യ ബാഹ്യദൃഷിയോട് കൂടി കുടി കൊള്ളുന്നു.
ഭഗവൽ ദർശനത്തിനു ശേഷം, വിരി വച്ച് കെട്ടിറക്കി താവളത്തിൽ തങ്ങുന്നു. അത് കഴിഞ്ഞ്, മുദ്രനാളികേരത്തിലെ ജീവാത്മാവായ നെയ്യ് ഭഗവാന് അഭിഷേകം നടത്തി, ജഡമായ നാളികേരത്തെ ആഴിയിൽ അർപ്പിക്കുന്നു. കൂടാതെ പഞ്ചാമൃതം തയ്യാറാക്കി അഭിഷേകം നടത്തുന്നു. അരി, നാളികേരം, ശർക്കര, കൽക്കണ്ടം തുടങ്ങിയവ ഭഗവാന് നേദ്യമായും, കർപ്പൂരവും ഭസ്മവും കർപ്പൂരാഴിക്കു വേണ്ടിയും; വെറ്റില, അടക്ക, കാണിപ്പൊന്ന്, എന്നിവ നടയ്ക്കലും സമർപ്പിക്കുന്നു. മഞ്ഞൾപൊടി നാഗരാജാവിനും; ഭസ്മവും കുരുമുളകും വാവരുസ്വാമിയ്ക്കും; മാളികപ്പുറത്തമ്മയ്ക്ക് മഞ്ഞൾപൊടിയും, കുങ്കുമവും കൊണ്ടുള്ള അഭിഷേകവും കൂടാതെ അവിൽ, മലർ, ശർക്കര, കൽക്കണ്ടം, മുന്തിരി, പഴം എന്നിവ കൂടി സമർപ്പിക്കുന്നു.
അഭിഷേകം നടത്തിയ നെയ്യ്, പഞ്ചാമൃതം, നേദിച്ച അവിൽ, മലർ, അരവണ പായസം, അപ്പം, തുടങ്ങിയവ പ്രസാദമായി തിരിച്ച് വീട്ടിൽ കൊണ്ടു വന്ന് കുടുംബാംഗങ്ങൾ സേവിയ്ക്കുന്നു. സന്നിധാനത്ത് കന്നിമൂലഗണപതി, നാഗരാജാവ്; മാളികപ്പുറത്ത് മാളികപ്പുറത്തമ്മ, നാഗരാജാവ്, കൊച്ചു കടുത്തസ്വാമി, മണിമണ്ഡപം, നവഗ്രഹങ്ങൾ; പതിനെട്ടാം പടിക്ക് താഴെ കറുപ്പ സ്വാമി, കറുപ്പായി അമ്മ, വാവരുസ്വാമി എന്നീ അയ്യപ്പ പരിവാര ദേവതകളെ ദർശിച്ച് കാണിയ്ക്ക അർപ്പിക്കുന്നു.
മാളികപ്പുറത്ത് “പാടിക്കൽ” എന്ന മറ്റൊരു വഴിപാടുണ്ട്. വനവാസികൾ അവരുടെ പ്രത്യേക വാദ്യോപകരണങ്ങൾ ഉപയോഗിച്ച് ദുഷ്ടാത്മാക്കളെയും അപശകുനങ്ങളെയും ഭക്തിഗാനങ്ങൾ ആലപിച്ച് ഭക്തരിൽ നിന്ന് അകറ്റുന്നു.
വൈകുന്നേരം സന്നിധാനത്തിന് അടുത്തുള്ള താമസസ്ഥലത്ത് വെച്ച് ഭക്തിനിർഭരമായ ഭജന നടത്തുന്നു. അത്താഴപൂജയ്ക്കു ശേഷം നട അടയ്ക്കുന്നതിനു മുമ്പ് ആലപിക്കുന്ന ഹരിവരാസനത്തിൽ പങ്കെടുത്ത് ഭഗവാനെ വണങ്ങി, അനിർവചനീയമായ ആനന്ദത്തോടെ താവളത്തിലേയ്ക്കു മടങ്ങുന്നു.
പിറ്റേ ദിവസം നാൽപ്പത്തിയൊന്നിന് രാവിലെ ഉരക്കുഴി തീർത്ഥത്തിൽ കുളിച്ച് ശുഭ്ര വസ്ത്രം ധരിച്ച്, ഭഗവാനെ ദർശിച്ച് കാണിയ്ക്ക സമർപ്പിച്ച് കേരബലി നടത്തി പടിയിറങ്ങുന്നു. അതിനു ശേഷം കെട്ട് താങ്ങി കോട്ടപ്പടി കടന്ന് തലപ്പാറ കറുപ്പനെ വന്ദിച്ച്, നാളികേരം ഉടച്ച് കാണിയ്ക്ക ഇട്ട്, നാട്ടിൽ ഇറങ്ങി ഭക്തിയോടെ തറവാട്ടിലെ പഞ്ചമൂർത്തികളുടെ നടയിൽ ചെന്ന് തുളസി മാല അഴിച്ച് കേരബലി നടത്തി വ്രതം അവസാനിപ്പിക്കുന്നു. നാൽപതിയൊന്നാം ദിവസത്തെ ദർശനത്തിനു ശേഷം തീർത്ഥാടനം പര്യവസാനത്തിലെത്തുകയും അയ്യപ്പന്മാർ അടുത്ത മണ്ഡലകാലത്തിനായി കാത്തിരിക്കുകയും ചെയ്യുന്നു.