പൂയം 2022
സുബ്രഹ്മണ്യ സേവയും തൈപ്പൂയ മഹോത്സവവും
അയ്യപ്പ സ്വാമിയേ പോലെ കലിയുഗവരദനായ സുബ്രഹ്മണ്യ സ്വാമിയേയും നമ്മുടെ പൂർവ്വികർ, മറ്റ് ദേവതകളോടൊപ്പം ആരാധിച്ചിരുന്നു. പാനക പൂജയും തൈപ്പൂയ കാവടിയാട്ടവും ആണ് സുബ്രഹ്മണ്യ ആരാധനക്കായുള്ള കുടുംബത്തിലെ രണ്ട് പ്രധാന ആഘോഷങ്ങൾ.
കുടുംബാംഗങ്ങൾ മാലയിട്ട്, പത്തു ദിവസത്തെ ബ്രഹ്മചര്യവ്രതം അനുഷ്ഠിച്ച്, സാത്വിക ഭക്ഷണം കഴിച്ച്, പാനക പൂജയും കാവടി മഹോത്സവവും ആചരിക്കുന്നു. തൈപ്പൂയത്തിന് മുമ്പുള്ള ആറാമത്തെ തിഥിയായ ഷഷ്ഠിയിലാണ് പാനക പൂജ നടത്തുന്നത്. പലവിധ ദ്രവ്യങ്ങൾ,വെള്ളം, ഇഞ്ചി എണ്ണ, തേൻ, പഞ്ചഗവ്യം, പാനക (മധുരമുള്ള നാരങ്ങാവെള്ളം), പഞ്ചാമൃതം, നെയ്യ്, പാൽ, തൈര്, കരിമ്പ് ജ്യൂസ്, നാരങ്ങ നീര്, വിഭൂതി, കളഭം, പനിനീർ, കരിക്ക്, എന്നിവ കൊണ്ടുള്ള വേൽ അഭിഷേകം പാനക പൂജയ്ക്ക് വളരെ വിശേഷപ്പെട്ടതാണ്. പരമമായ അറിവിന്റെയും ശക്തിയുടേയും പ്രതീകമാണ് വേൽ. ശിവശക്തി സ്വരൂപമായ സുബ്രഹ്മണ്യസ്വാമിയേയാണ് വേൽ പ്രതിനിധീകരിക്കുന്നത്. മനസ്സിലുള്ള അവിദ്യാസ്വരൂപമായ അഹങ്കാരം, അഹന്ത തുടങ്ങിയ പ്രവണതകൾ അമർച്ച ചെയ്യാനുള്ള ശക്തിയായ സുബ്രഹ്മണ്യ പ്രീതിയാണ് വേൽ അഭിഷേകത്തിലൂടെ സാധ്യമാകുന്നത്.
മലയാള മാസമായ മകരത്തിലെ(ജനുവരി/ഫെബ്രുവരി) പൂയം നക്ഷത്രത്തിലാണ് തൈപ്പൂയം. ഹിഡുംബൻ എന്ന അസുരൻ പഴനിയിലെ രണ്ട് കുന്നുകളെ തോളിലേറ്റി കൊണ്ടുവന്ന സ്മരണക്കായി, ഭക്തർ കാവടി ചുമലിലേറ്റി അടുത്തുള്ള സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുന്നു. ഇത് മനസ്സിന്റെ ഇച്ഛാശക്തിയെ ഉണർത്തി ഏത് പ്രശ്നങ്ങളെയും അഭിമുഖീകരിക്കുവാനുള്ള ശക്തി നൽകുന്നു എന്നാണ് വിശ്വാസം.
ചരിത്രം
കുഞ്ഞുണ്ണി ഇളയിടം ആണ് തറവാട്ടിലെ സുബ്രഹ്മണ്യ ഉപാസനയുടെ ഗുരു. അദ്ദേഹത്തിന് പഴനിയിൽ വച്ച് സുബ്രഹ്മണ്യ സ്വാമി സ്വയം പ്രത്യക്ഷപ്പെട്ട് ഒരു വാഴപ്പഴം നൽകി അനുഗ്രഹിക്കുകയും ചെയ്തുവെന്ന് ഐതിഹ്യം. തറവാട്ടിലെ അറയിൽ സുബ്രഹ്മണ്യ സ്വാമിയുടെ സാന്നിധ്യം ഉണ്ടെന്നും ഒരിക്കൽ കർപ്പൂരാരാധന ചെയ്യുമ്പോൾ ഒരു സ്വർണ്ണവേൽ മടിയിൽ വീണുവെന്നും, അത് പിന്നീട് വൈറ്റില സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സമർപ്പിച്ചുവെന്നും പറഞ്ഞു കേട്ടിട്ടുണ്ട്.
കുടുംബത്തിൽ പൊതുവെ ആൺ സന്താനങ്ങൾ കുറവായതിനാൽ ആൺ സന്താനലബ്ധിക്കും അവരുടെ ദീർഘായുസ്സിനും വേണ്ടിയാണ് പൂർവ്വികർ സുബ്രഹ്മണ്യ ഉപാസന ആരംഭിച്ചത്. 1917 ൽ കുഞ്ഞുണ്ണി ഇളയിടത്തിന്റെ കാലശേഷം, കാരണവർ വേലായുധ പണിക്കർ ഉപാസന ഏറ്റെടുത്തു. പിന്നീട് പരമേശ്വര പണിക്കർ, വേലായുധൻ ഇളയിടം, ചന്ദ്രശേഖരൻ ഇളയിടം തുടങ്ങിയവരും മറ്റുള്ള കുടുംബാംഗങ്ങളും ഈ ഉപാസന പിന്തുടർന്നു വരുന്നു.
പൂജ സങ്കേതസ്ഥാനവും ഷഷ്ഠി കുറിയും
തലമുറകളായി കൈമാറി വരുന്ന കുലാചാര വിധിപ്രകാരവും ഗുരു ഉപദേശവും അനുസരിച്ചാണ് പാനക പൂജയും കാവടി നിറയും നടത്തുന്നത്. കുഞ്ഞുണ്ണി ഇളയിടത്തിന്റെയും, വേലായുധ പണിക്കരുടെയും, പരമേശ്വര പണിക്കരുടെയും കാലത്ത്, പാനക പൂജയും കാവടി നിറയും ആര്യവീട് താറവാട്ടിലായിരുന്നു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള മറ്റെല്ലാ കുടുംബങ്ങളും ഈ ആഘോഷങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു.
ഒരു തൈപ്പൂയത്തിന്, സുബ്രഹ്മണ്യ പൂജകളുടെ നടത്തിപ്പിനു വേണ്ടി ഒരു ഷഷ്ഠി കുറി തുടങ്ങുന്ന നിർദ്ദേശം മംഗലക്കുഴി ഗോപാല മേനോൻ മുന്നോട്ടു വെക്കുകയും കാരണവർ വേലായുധൻ ഇളയിടം അത് അംഗീകരിച്ചു നടപ്പിൽ വരുത്തുകയും ചെയ്തു. ആര്യവീട്, കുറ്റാനപ്പിള്ളി, മംഗലക്കുഴി എന്നിവിടങ്ങളിൽ നിന്നുള്ള അംഗങ്ങൾ കുറിയിൽ ചേർന്നു. ഷഷ്ഠി കുറി നടന്നിരുന്ന കാലത്ത് ആര്യവീട്ടിലും കുറ്റാനപ്പിള്ളിയിലും പാനക പൂജയും കാവടി നിറയും മാറി മാറി നടത്തിപ്പോന്നു.
ഇപ്പോൾ പാനക പൂജ കുറ്റാനപ്പിള്ളിയിലും കാവടി നിറ ആര്യവീട്ടിലും ആണ് നടത്തുന്നത്.
കാവടി നിർമ്മാണം
കാവടി നിർമ്മാണത്തിന്റെ ജീവചക്രം
- മരം കൊണ്ടുള്ള തണ്ടും കമാനവും മയിൽപ്പീലി, കടലാസുപൂക്കൾ എന്നിവ കൊണ്ട് അലങ്കരിച്ചാണ് കാവടി നിർമ്മിക്കുന്നത്.
- തെങ്ങോല വെട്ടി പച്ച ഈർക്കിലി എടുത്ത് അതിന്റെ തുമ്പ് വൃത്താകൃതിയിൽ ബന്ധിച്ച്, അതിൽ കടലാസുപൂക്കൾ കോർത്ത് മനോഹരമായ പൂത്തണ്ടുകൾ തയ്യാറാക്കുന്നു.
- ഇങ്ങനെ തയ്യാറാക്കിയ പൂക്കൾ നീളമുള്ള ഒരു കമ്പിൽ വർണ്ണക്കടലാസും പശയും ഉപയോഗിച്ച് ഭംഗിയായി ബന്ധിപ്പിച്ച് ജെണ്ട് ഉണ്ടാക്കുന്നു. സാധാരണയായി പൂപ്പരത്തിയുടെ കമ്പ് ആണ് ജെണ്ട് കെട്ടാൻ ഉപയോഗിക്കുന്നത്. വിവിധ വർണങ്ങളിലുള്ള ഈ ജെണ്ടുകൾ വലുപ്പത്തിനനുസരിച്ച് കമാനത്തിൽ ഉറപ്പിച്ച് കാവടികൾ തയ്യാറാക്കുന്നു. എല്ലാ കാവടികളും തൈപ്പൂയത്തിന്റെ തലേദിവസം രാത്രി തന്നെ ആര്യവീടു തറവാട്ടിലെ പൂജ നടത്തുന്ന മുറിയിൽ കൊണ്ടുവന്ന് വയ്ക്കുന്നു.
- കാക്കനാട്, മനയിൽ ശിവശങ്കരൻ നായരിൽ നിന്നാണ് ഇപ്പോൾ ഉണ്ടാക്കുന്ന രീതിയിലുള്ള ജെണ്ട് കെട്ടുവാൻ പഠിച്ചത്. ആര്യവീടു ക്ഷേത്രത്തിലെ മഠത്തിലോ കുറ്റാനപ്പിള്ളി മാളികയിലോ വച്ചാണ് കാവടി ഉണ്ടാക്കിയിരുന്നത്. പിൽക്കാലത്ത് രവീന്ദ്രനാഥൻ ഇളയിടത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു കാവടി നിർമാണം. ഇപ്പോൾ മാധവൻ ഇളയിടത്തിന്റെ മകൻ അജിത്കുമാറാണ് കാവടി നിർമ്മാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്.
- സമീപത്തുള്ള മംഗലക്കുഴി, ഞെട്ടയിൽ, തുരുത്തയിൽ, മംഗലത്ത്, മനയിൽ എന്നീ കുടുംബങ്ങളിൽ നിന്നുള്ളവർ കാവടി നിർമ്മാണത്തിലും ആഘോഷങ്ങളിലും പങ്കെടുത്തിരുന്നു. മുൻകാലങ്ങളിൽ 27 കാവടികൾ വരെ ഉണ്ടാക്കിയിരുന്നു.
- ഒരു തവണ ശ്രീ വേലായുധൻ ഇളയിടത്തിന്റെ നേതൃത്വത്തിൽ എൻഎസ്‌എസ് കരയോഗത്തിനു വേണ്ടി ആര്യവീടു കുടുംബത്തിൽ നിന്നും ഭസ്മ കാവടി വൈകുന്നേരം ഇടപ്പള്ളി തൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സാധാരണയായി ഭസ്മ കാവടി വൈകുന്നേരമാണ് നടക്കുന്നത്.
കാവടി പൂജയും നിറയും
തൈപ്പൂയ ദിനത്തിൽ പുലർച്ചെ അഞ്ചു മണിക്ക് പൂജ ആരംഭിക്കുന്നു. പരമ്പരാഗതമായി ഗുരുവിൽ നിന്നും ദീക്ഷ എടുത്ത കുടുംബാംഗങ്ങളാണ് പൂജ നടത്തുന്നത്.
പൂജയുടെ ഭാഗമായി, സുബ്രഹ്മണ്യനോടൊപ്പം ഇടതു വശത്ത് ഗണപതി, വലതു വശത്ത് ഗുരു(കുഞ്ഞുണ്ണി ഇളയിടം), ഹിഡുംബൻ എന്നിവർക്ക് പ്രത്യേകം പീഠം ഒരുക്കുന്നു. നിലവിളക്കിനു മുന്നിൽ വാഴയിലയിൽ നെല്ല്, അരി എന്നിവയുടെ മുകളിൽ ഒരു നാളികേരം സ്ഥാപിച്ചാണ് പീഠം ഒരുക്കുന്നത്. പീഠത്തിന്റെ പുറകിൽ സുബ്രഹ്മണ്യസ്വാമിയുടെ ചിത്രം വച്ച് പുഷ്പമാലകളാൽ അലങ്കരിക്കുന്നു.
സുബ്രഹ്മണ്യ പീഠത്തിൽ 5 നിലവിളക്കും മറ്റ് പീഠങ്ങളുടെ മുന്നിൽ ഒരു നിലവിളക്കു വീതവും കത്തിച്ചു വയ്ക്കുന്നു. തിരികൾ കത്തിക്കുന്നതിന്ന് ചില ആചാരങ്ങൾ പാലിക്കുന്നുണ്ട്. സുബ്രഹ്മണ്യ സാന്നിധ്യമുണ്ടെന്നു വിശ്വസിക്കുന്ന തറവാട്ടിലെ അറയിൽ നിന്നും കൊടി വിളക്കിലേക്ക് പകരുന്ന ദീപനാളങ്ങളിൽ നിന്ന് പീഠങ്ങളിൽ ഗണപതി, മുരുകൻ, ഗുരു, ഹിഡുംബൻ എന്നീ ക്രമത്തിൽ വിളക്ക് തെളിയിക്കുന്നു.
- സുബ്രഹ്മണ്യ സ്വാമിക്ക് മുമ്പുള്ള എണ്ണ വിളക്കിൽ ആറ് തിരി വീതം കത്തിക്കുന്നു.
- ശേഷിക്കുന്ന എണ്ണ വിളക്കിൽ അഞ്ചു തിരി കത്തിക്കുന്നു.
പൂജയുടെ ഭാഗമായി നൈവേദ്യം, പുഷ്പാഞ്ജലി, ദീപാരാധന, കർപ്പൂരാരാധന എന്നിവ നടത്തുന്നു. കാവടി നിറയുടെ സമയത്ത് കശകശ, ചെറുപയർ എന്നിവ ഹിഡുംബന് നേദിക്കുന്നു.
അഭിഷേകത്തിനായുള്ള പാൽ, പഞ്ചാമൃതം (പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി, തേൻ, ശർക്കര, നെയ്യ്, കൽക്കണ്ടം), പനിനീർ, ഭസ്മം എന്നിവ ചെറിയ കുംഭങ്ങളിൽ നിറച്ച കാവടിമുദ്രകൾ കമാനത്തിൽ കെട്ടുന്നു.
കാവടി പൂജയ്‌ക്കൊപ്പം സുബ്രഹ്മണ്യ സ്തുതികൾ ഉടുക്കും കൊട്ടി പാടുന്നു. പൂർവ്വികരുടെ കാലം മുതൽ ഒരു തമിഴ് ചിന്തുപാട്ട് സംഘമാണ് തലമുറകളായി ഈ പാരമ്പര്യം പിന്തുടരുന്നത്. താളാത്മകമായ ചിന്തുപാട്ടുമായി ഇവർ ഘോഷയാത്രയിലുടനീളം ഭക്തിസാന്ദ്രമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക വഴി കാവടി എടുക്കുന്നവരെ ആവേശം കൊള്ളിക്കുകയും ചെയ്യുന്നു. ഈ ഉടുക്കുകൊട്ടും പാട്ടും മറ്റുള്ള കാവടിസംഘങ്ങളിൽ നിന്നും ആര്യവീടു കാവടിയെ വേർതിരിച്ചു നിർത്തുന്നു.
ചില കുടുംബാംഗങ്ങൾ ഭക്തിയുടെ ഭാഗമായി, അവരുടെ നാവിൽ വേൽ തറയ്ക്കാറുണ്ട്.
വൈറ്റില സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്ര
കർപ്പൂരാരാധനയോടെ പൂജ സമർപ്പിച്ചതിനു ശേഷം, ശരണമന്ത്രങ്ങളുടെയും, കവാടിച്ചിന്തുകളുടെയും ഭക്തിനിർഭരമായ അകമ്പടിയോടു കൂടെ ഏകദേശം എട്ടുമണിക്കു ശേഷം വൈറ്റില സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് കാവടി ഘോഷയാത്ര പുറപ്പെടുന്നു. കാവടി നിറച്ച ആണ്ടികളെക്കൂടാതെ ഉടുക്കുപാട്ടുകാരും കുടുംബത്തിലെ ആബാലവൃദ്ധം ജനങ്ങളും ഇതിൽ പങ്കെടുക്കുന്നു.
പല വർണ്ണത്തിലുള്ള കാവടികൾ ഏന്തി ഉടുക്കു പാട്ടിനൊപ്പം താളാത്മകമായ നൃത്തച്ചുവടുകൾ വച്ച് കുടുംബാംഗങ്ങൾ കാവടി ആടുന്ന കാഴ്ച നയനമനോഹരമാണ്.
അനന്തപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, താണിപ്പറമ്പിൽ ഭഗവതി ക്ഷേത്രം, കുത്താപാടി ശ്രീ ധർമ്മശാസ്താ ക്ഷേത്രം, പള്ളിതൃകോവിൽ ദുർഗാ ഭഗവതി ക്ഷേത്രം, പൊന്നുരുന്നി ശ്രീ നാരായണ ക്ഷേത്രം എന്നീ ക്ഷേത്രങ്ങൾക്ക് മുന്നിൽ സംഗീതത്തിന്റെ താളവും, നർത്തകരുടെ ചുവടുകളും ധൃതഗതിയാലാവുന്നു. പള്ളിതൃകോവിൽ ക്ഷേത്രത്തിൽ, നാരായണൻ എമ്പ്രാന്തിരിയുടെ കുടുംബം (ആര്യവീട് ക്ഷേത്രത്തിലെ മുൻ മേൽശാന്തി) എല്ലാ വർഷവും ഘോഷയാത്രക്കാർക്ക് സംഭാരം നൽകി വരാറുണ്ട്.
ഉച്ചയോടെ വൈറ്റിലയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിലെത്തിയ ശേഷം, ആദ്യം ഹിഡുംബന്റെ നടയിൽ പ്രവേശിച്ച്, കാവടി ഇറക്കി നാളികേരമുടച്ച്, ഭസ്മാഭിഷേകവും കർപ്പൂരാരാധനയും നടത്തി, കാവടി ആടിയ ശേഷം ഘോഷയാത്ര പ്രധാന ക്ഷേത്രത്തിലേയ്ക്ക് നീങ്ങുന്നു.
ഘോഷയാത്ര ക്ഷേത്രത്തിൽ പ്രവേശിച്ച്, ക്ഷേത്രത്തിന് പ്രദക്ഷിണം വച്ച് കാവടിയാട്ടവും ചിന്തുപാട്ടും ഉടുക്കുകൊട്ടും സുബ്രഹ്മണ്യ സ്വാമിയുടെ മുമ്പിൽ നിറഞ്ഞാടി സമർപ്പിക്കുന്നു. അതിനുശേഷം കാവടി ഇറക്കി, ഭഗവാന് കാവടി അഭിഷേകം ചെയ്യുന്നു. അഭിഷേകം കഴിഞ്ഞു കിട്ടിയ പ്രസാദം എല്ലാവരും സേവിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു.
പരമ്പരാഗതമായി തനതായ കാവടി ആചാരങ്ങൾ അനുഷ്ഠിച്ച് വൈറ്റില അമ്പലത്തിലേക്ക് കാവടി ഏന്തി പോകുന്ന അപൂർവ്വം ചില കാവടി സംഘങ്ങളിൽ ഒന്നാണ് ആര്യവീട് കാവടി സംഘം.
കാവടി അഭിഷേകത്തിനു ശേഷം ക്ഷേത്രത്തിൽ നിന്ന് മടങ്ങിവരുന്ന, വ്രതം എടുത്ത ഭക്തന്മാരുടെ കാൽ കഴുകി (പാദ പ്രക്ഷാളനം), അന്നദാനം നടത്തുന്നു. ഈ ചടങ്ങിനെ ആണ്ടിയൂട്ട് എന്നാണ് പറഞ്ഞു വരുന്നത്.
കുടുംബ കഥകൾ
- പരമേശ്വര പണിക്കർ സുബ്രഹ്മണ്യ സ്വാമിയുടെ ഉറച്ച ഭക്തനും ഉപാസകനുമായിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ, ഒറ്റയ് പൂസാരി എന്ന മറ്റൊരു ഉപാസകൻ വന്ന് പൂജകൾ നടത്തി അദ്ദേഹത്തിന് നിത്യശാന്തിയും ആത്മാവിനെ മോക്ഷവും കൈവരിക്കാൻ സഹായിച്ചു. ഒറ്റയ് പൂസാരിയെ പറ്റി അധികം വിവരമില്ല, എവിടെയാണെന്നും എവിടെ നിന്നും വന്നു എന്നും അറിയില്ല. സുബ്രഹ്മണ്യ സ്വാമിയുടെ ഉറച്ച ഭക്തനും പൂജാദികർമ്മങ്ങളുടേയും കാവടിയുടെയും അവിഭാജ്യ ഭാഗവുമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ ഒരു കാലു മുറിച്ചു മാറ്റിയിരുന്നെങ്കിലും, അത്തരം പരിമിതികൾ ഒരിക്കലും അദ്ദേഹത്തിന്റെ ഭക്തിയെ തടസ്സപ്പെടുത്തിയിട്ടില്ല, അദ്ദേഹം പൂജയിലും കാവടി തുള്ളലിലും അഗ്രഗണ്യൻ ആയിരുന്നു.
- ഒരിക്കൽ കാവടിയാഘോഷങ്ങൾ മുടങ്ങിയതിൽ കുടുംബാംഗങ്ങൾ വിഷമിച്ചിരുന്ന സന്ദർഭത്തിൽ തറവാട്ടിലെ പൂജാ മുറിയുടെ സമീപമുള്ള ഇടനാഴിയിൽ ഒരു കൊച്ചു ബാലകൻ പ്രത്യക്ഷപ്പെടുകയും, ബാലകനെ കണ്ട സന്തോഷത്തിൽ മുത്തശ്ശി തൊഴുത് നമസ്കരിക്കുകയും ചെയ്തു എന്ന് മുത്തശ്ശി (നാരായണി അപ്പച്ചിയമ്മ) പറഞ്ഞു കേട്ടിട്ടുണ്ട്. ഇതിനു ശേഷം ഇന്നേവരേയ്ക്കും കാവടിയാഘോഷങ്ങൾ മുടക്കം വരാതെ തുടർന്ന് പോരുന്നു.
ഞങ്ങളുടെ മാതാപിതാക്കളുടെ കുട്ടിക്കാലത്തെ പറ്റിയുള്ള മനോഹരമായ ഒരു ഓർമ പങ്കിട്ട് ഈ നുറുങ്ങുകൾ അവസാനിപ്പിക്കുന്നു. അന്നത്തെ കാലത്ത് കാവടിയാഘോഷവേളയിൽ അവരുടെ മുത്തച്ഛൻമാർ, പിതാക്കന്മാർ, അമ്മാവന്മാർ, മൂത്ത സഹോദരന്മാരായ പരമേശ്വര പണിക്കർ, വേലായുധൻ ഇളയിടം, തുരുത്തിയിൽ പരമേശ്വരൻ പിള്ള, ചന്ദ്രശേഖരൻ ഇളയിടം എന്നിവർ നിർഭയമായി കവിളിലും നാവിലും വേല് തറയ്ക്കുമായിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഗോപാല പണിക്കർ, രവീന്ദ്രനാഥൻ ഇളയിടം, കരുണാകരൻ ഇളയിടം, കൃഷ്ണൻ ഇളയിടം, മംഗലകുഴി വിജയൻ മേനോൻ, മംഗലകുഴി അരവിന്ദൻ മേനോൻ എന്നിവരടങ്ങുന്ന ആറ് അംഗ സംഘം അവരുടെ നാവിലും കവിളിലും വേൽ തറച്ചു. അന്ന്, മാതാപിതാക്കളിലൊരാളായ ഇ കെ രാമവർമ്മ തിരുമുൽപ്പാട് കാവടിയാട്ടത്തെയും ഉത്സാഹത്തെയും അഭിനന്ദിച്ചതിന് ശേഷം കുട്ടികൾ വേൽ തറക്കുന്നതിനെ അദ്ദേഹം സ്നേഹത്തോടെ നിരുത്സാഹപ്പെടുത്തി.