പൈതൃകം
ആര്യവീട്ടിലെ വിശേഷങ്ങൾ
പുരാതന നായർ പ്രഭു കുടുംബമായ ‘ആര്യവീട്’ എന്നറിയപ്പെടുന്ന ആയിരവീട് തറവാട് എറണാകുളം ജില്ലയിൽ, കണയന്നൂർ താലൂക്കിൽ, ഇടപ്പള്ളി തെക്കു വില്ലേജിൽ, പാലാരിവട്ടം കരയിൽ പുതിയ റോഡിനു സമീപം ആണ് സ്ഥിതി ചെയ്യുന്നത്. കുടുംബജനങ്ങൾ ഇളയിടം എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കുടുംബത്തിന്റെ ഇപ്പോഴുള്ള തറവാട്ട് ഭവനം ഏകദേശം പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യം ആയിരിക്കും പണികഴിപ്പിച്ചിട്ടുള്ളത് എന്ന് അനുമാനിക്കാം. ആയിരത്തിലധികം കുടുംബങ്ങൾ താമസിച്ചുവരുന്ന ഭൂപ്രദേശത്തിന്റെ ദേശവാഴിത്തം ഉണ്ടായിരുന്നതിനാലാണ് ഈ കുടുംബത്തിന് ആയിരവീട് എന്ന നാമം ഉണ്ടായതെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഇപ്പോൾ ഈ കുടുംബം പുതിയറോഡ്, വെണ്ണല, കാക്കനാട് പ്രദേശങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. കുടുംബജനങ്ങളിൽ പലരും അന്യദേശത്തും വിദേശങ്ങളിലും താമസിച്ചു വരുന്നു.
ലഭ്യമായ രേഖകളുടെയും, പൂർവികർ പറഞ്ഞു കേട്ടിട്ടുള്ള അറിവുകളുടെയും, നിലവിലുള്ള അനുഷ്ഠാനങ്ങളുടേയും അടിസ്ഥാനത്തിൽ ആര്യവീട് കുടുംബത്തിന്റെ ഉത്ഭവം, കുടുംബ ചരിത്രം, ധർമ്മദൈവ ക്ഷേത്രം, പാരമ്പര്യമായി അനുഷ്ഠിച്ചു വരുന്ന ആചാരങ്ങൾ, വംശാവലി എന്നീ കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു കുടുംബ പരിചയം കുടുംബ ജനങ്ങൾക്കും, വരും തലമുറക്കും, കുടുംബവുമായി ബന്ധപ്പെട്ട എല്ലാവർക്കും ഉണ്ടാക്കുക എന്ന ഉദ്യമം ആണ് ഇവിടെ നിർവഹിച്ചിട്ടുള്ളത്.